ഡെങ്കിപ്പനിക്കെതിരായ ആദ്യ വാക്സിന് അംഗീകാരം നൽകി ഇന്ത്യ

0

ഡെങ്കിപ്പനിക്കെതിരായ ആദ്യ വാക്സിന് അംഗീകാരം നൽകി ഇന്ത്യ. നാലുമുതൽ 60 വയസ്സുവരെ പ്രായമുള്ള വ്യക്തികളിൽ ഡെങ്കിപ്പനി പ്രതിരോധിക്കാനാണ് QDENGA എന്ന വാക്സിന് ഇന്ത്യയിലെ ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകിയത്. ജാപ്പനീസ് മരുന്നുകമ്പനിയായ ടാകെഡയാണ് വാക്സിൻ വികസിപ്പിച്ചത്.

രാജ്യത്തെ ഡെങ്കിപ്പനി വ്യാപനം പലഘട്ടങ്ങളിലും കൂടുന്ന സാഹചര്യത്തിൽ വലിയ വഴിത്തിരിവാകും ഈ വാക്സിനെന്നാണ് കണക്കുകൂട്ടൽ. ലോകത്തിലെ ഡെങ്കിപ്പനി ബാധയുടെ ഏകദേശം മൂന്നിലൊന്നു ഭാഗം ഇന്ത്യയിലാണ്. വാക്സിൻ സ്വീകരിക്കുന്നതിലൂടെ ഡെങ്കിപ്പനിയുടെ ഗുരുതര ലക്ഷണങ്ങൾ ഇല്ലാതാവുകയും ആശുപത്രിവാസം കുറയ്ക്കാനാവുകയും ചെയ്യുമെന്നാണ് അധികൃതർ കരുതുന്നത്.

ഡെങ്കിവൈറസിന്റെ നാല് സെറോടൈപ്പുകളിൽ നിന്നും സംരക്ഷണം നൽകാൻ രൂപകൽപ്പന ചെയ്ത വാക്സിനാണ് QDENGA. 0.5 മില്ലി രണ്ട് ഡോസ് എന്ന രീതിയിൽ ചർമത്തിനടിയിൽ നൽകുകയാണ് ചെയ്യുക. മൂന്നുമാസത്തെ ഇടവേളയിലാണ് ഡോസുകൾ നൽകുക. ഡെങ്കിപ്പനി ബാധയുള്ള പ്രദേശങ്ങളിൽ QDENGA ഉപയോഗിക്കാൻ നേരത്തേ ലോകാരോഗ്യസംഘടന ശുപാർശ ചെയ്തിരുന്നു. ഏഷ്യ, ലാറ്റിൻ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ 43 രാജ്യങ്ങളിൽ QDENGA അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ടാകെഡയുടെ ആഗോള ക്ലിനിക്കൽ ഡെവലപ്മെന്റ് പ്രോഗാമിൽ നിന്നുള്ള ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലും വാക്സിന് അംഗീകാരം നൽകാൻ തീരുമാനമായത്. ഇതിന്റെ ഭാഗമായി രോഗബാധിത പ്രദേശങ്ങളിൽ നിന്നും അല്ലാത്ത പ്രദേശങ്ങളിൽ നിന്നും 28,000-ലേറെ ആധാരമാക്കിയാണ് ക്ലിനിക്കൽ ട്രയൽ നടത്തിയത്. മൂന്നു ഘട്ടങ്ങളിലായാണ് ക്ലിനിക്കൽ ട്രയൽ നടത്തിയത്. തുടർന്നാണ് വാക്സിൻ സ്വീകരിച്ച് മാസങ്ങൾക്കുള്ളിൽ ഡെങ്കിപ്പനിയിൽ നിന്നും സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പായത്. ഏഴുവർഷം വരെ സുരക്ഷയും കാര്യക്ഷമതയും വാക്സിൻ പ്രകടമാക്കിയിട്ടുണ്ടെന്നും വിദഗ്ധർ പറയുന്നു.

You might also like