
തൃശൂരില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ പാഞ്ഞുകയറി വന്‍ ദുരന്തം: വിദ്യാര്‍ഥികളടക്കം എട്ട് പേര്‍ മരിച്ചു
തൃശൂര്‍: ദേശീയപാത 66 ല്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ചു കയറി കോളജ് വിദ്യാര്‍ഥികളടക്കം എട്ട് പേര്‍ മരിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രി 12 നാണ് ദാരുണമായ സംഭവം നടന്നത്. അപകടത്തില്‍ ഏഴ് പേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തമിഴ്‌നാട് മധുര രജിസ്‌ട്രേഷനിലുള്ള സെവന്‍ സീറ്റര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. ഡിണ്ടിഗലിലെ പി.എസ്.എന്‍.എ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നതെന്നാണ് കരുതുന്നത്. സംഭവസ്ഥലത്ത് നിന്ന് കോളജ് വിദ്യാര്‍ഥിയുടെ ഐ.ഡി കാര്‍ഡ് പൊലീസിന് ലഭിച്ചിട്ടുണ്ട്. മരിച്ച എട്ട് പേരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു. സേലം സ്വദേശി വിശ്വ, ഡിണ്ടിഗല്‍ സ്വദേശികളായ സൂര്യ, യുവസഞ്ജിത്, മധുര സ്വദേശികളായ സന്തോഷ്, പ്രസന്ന എന്നിവരാണ് തിരിച്ചറിഞ്ഞവര്‍
ഗുരുവായൂര്‍ ഭാഗത്ത് നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്നു കാര്‍. ദേശീയപാതയില്‍ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന ഭാഗത്ത് അനധികൃതമായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ലോറിയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞു കയറുകയായിരുന്നു.
നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാ സേനയും സംയുക്തമായാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിപ്പോയ രണ്ട് പേരെ പുറത്തെടുത്തത്. തകര്‍ന്ന കാറില്‍ നിന്ന് പുറത്തെടുത്ത എട്ട് മൃതദേഹങ്ങളും തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് അപകടത്തിന് വഴിവെച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
