സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താത്തതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

0

കൊച്ചി: ന്യായാധിപന്മാര്‍ നേരിട്ട് സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താത്തതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ രഹസ്യ സ്വഭാവം അവസാനിപ്പിക്കുമെന്നും മാധ്യമങ്ങള്‍ക്കടക്കം പ്രവേശനം നല്‍കി ഇവയെ സാമൂഹിക ഓഡിറ്റിങിന് വിധേയമാക്കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ വ്യക്തമാക്കി.

നിലവിലെ സിസ്റ്റം മാറിയേ തീരൂവെന്ന് മുന്നറിയിപ്പ് നല്‍കിയ കോടതി വീഴ്ച തുടര്‍ന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയെല്ലാം നേരിട്ട് വിളിച്ചുവരുത്തുമെന്നും കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ഇരു ജഡ്ജിമാരും നേരത്തെ നേരിട്ട് പരിശോധന നടത്തിയിരുന്നു. അവിടെ കണ്ട കാഴ്ചകള്‍ യുദ്ധത്തടവറകളെക്കാള്‍ ഭീകരമാണെന്നും വിസര്‍ജ്യവും ഭക്ഷണാവശിഷ്ടവും നിറഞ്ഞ സെല്ലുകള്‍ നേരില്‍ കണ്ടതിന്റെ ഞെട്ടലില്‍ ഉറക്കം നഷ്ടപ്പെടുകയാണെന്നും കോടതി പറഞ്ഞു.

ജഡ്ജിമാരുടെ സന്ദര്‍ശനത്തിന് ശേഷം കാര്യമായ മാറ്റങ്ങളുണ്ടായെന്ന സര്‍ക്കാരിന്റെ അവകാശവാദം തള്ളിയ ഹൈക്കോടതി, രോഗികളുടെ സ്വകാര്യതയുടെ പേര് പറഞ്ഞ് എല്ലാം രഹസ്യമാക്കി വെക്കാനാണ് ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി. സാധാരണക്കാരായ രോഗികളും കൂട്ടിരിപ്പുകാരും പൂര്‍ണമായി അവഗണിക്കപ്പെടുകയാണ്. രോഗികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഒരു വാഹനം സജ്ജമാക്കണമെന്ന വളരെ ചെറിയ നിര്‍ദേശം പോലും പാലിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. വി.ഐ.പികള്‍ക്ക് പുതിയ കാറുകള്‍ വാങ്ങി നല്‍കാന്‍ മിനിറ്റുകള്‍ മാത്രം മതിയെന്നിരിക്കെയാണ് ഇത്തരം ഗുരുതരമായ വീഴ്ചകള്‍ ഉണ്ടാകുന്നത്

You might also like