
ബില്ലിംഗ് രീതിയില്‍ മാറ്റത്തിനൊരുങ്ങി വൈദ്യുതി ബോര്‍ഡ്; രാത്രി ഉപയോഗം കൂടിയാല്‍ കനത്ത ഇരുട്ടടി കിട്ടും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് വര്‍ഷത്തെ വൈദ്യുതി നിരക്ക് പരിഷ്‌കരണത്തിനായുള്ള നിര്‍ണായക കരട് മാര്‍ഗ നിര്‍ദേശങ്ങള്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പ്രസിദ്ധീകരിച്ചു.
2027 ഏപ്രില്‍ ഒന്നു മുതല്‍ 2032 മാര്‍ച്ച് 31 വരെ ഈടാക്കേണ്ട വൈദ്യുതി നിരക്ക് സംബന്ധിച്ച് കെഎസ്ഇബി അപേക്ഷ തയാറാക്കുന്നത് ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. ജനങ്ങളുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷം അന്തിമ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതോടെ നിരക്ക് പരിഷ്‌കരണത്തിന് കളമൊരുങ്ങും.
സോളാര്‍ വൈദ്യുതി സുലഭമായ പകല്‍ സമയത്ത് കുറഞ്ഞ നിരക്കും ഉപയോഗം കൂടുതലുള്ള രാത്രി പീക്ക് സമയങ്ങളില്‍ ഉയര്‍ന്ന നിരക്കും കൂടുതല്‍ ഉപയോക്താക്കളിലേക്ക് വ്യാപിപ്പിക്കാനാണ് കരടില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
നിലവില്‍ പ്രതിമാസം 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സമയം അടിസ്ഥാനമാക്കിയുള്ള (ടിഒഡി) മീറ്ററിംഗ് സംവിധാനമാണ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നത്. പീക്ക് സമയങ്ങളിലെ അധിക വൈദ്യുതി ഉപയോഗം നിയന്ത്രിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
