
യുഎഇയില്‍ സ്‌കൂളുകള്‍ ഇന്ന് തുറക്കും; 12.7 ലക്ഷം കുട്ടികള്‍ ക്ലാസ് മുറികളിലേക്ക്
ദുബായ്: നീണ്ട വേനലവധിക്ക് ശേഷം യുഎഇയിലെ വിദ്യാലയങ്ങള്‍ ഇന്ന് (ഓഗസ്റ്റ് 31) തുറക്കുന്നു. 2026-27 അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ട് രാജ്യത്തെ 1,180 ല്‍ അധികം പൊതു-സ്വകാര്യ സ്‌കൂളുകളിലായി 12.77 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇന്ന് ക്ലാസ് മുറികളിലേക്ക് എത്തുവാന്‍ ഒരുങ്ങുന്നത്. സുരക്ഷിതമായ അധ്യയന വര്‍ഷം ഉറപ്പാക്കാന്‍ പൊലീസും ആംബുലന്‍സ് വിഭാഗങ്ങളും സിവില്‍ ഡിഫന്‍സും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് റോഡുകളിലും സ്‌കൂള്‍ പരിസരങ്ങളിലും ഒരുക്കിയിട്ടുള്ളത്.
ഘട്ടം ഘട്ടമായുള്ള പ്രവേശനം
റോഡുകളിലെയും സ്‌കൂളുകളിലെയും തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയുള്ള ആദ്യ നാല് ദിവസങ്ങളില്‍ ഘട്ടം ഘട്ടമായുള്ള പ്രവേശനവും കുറഞ്ഞ സമയ ക്രമീകരണവുമാണ് വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ നാല് വെള്ളിയാഴ്ച മുതല്‍ എല്ലാ സ്‌കൂളുകളും സാധാരണ സമയക്രമത്തിലേക്ക് മാറും. കുട്ടികളെ സ്‌കൂളുകളിലെത്തിക്കുന്ന ഫെഡറല്‍ ജീവനക്കാരായ രക്ഷിതാക്കള്‍ക്ക് ആദ്യ ദിനത്തില്‍ ജോലി സമയത്തില്‍ മൂന്ന് മണിക്കൂര്‍ വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. നഴ്‌സറി, കെ.ജി കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ആദ്യ ആഴ്ച മുഴുവന്‍ ഈ ആനുകൂല്യം ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ രംഗത്ത് നിര്‍ണായക പരിഷ്‌കാരങ്ങള്‍
പുതിയ അധ്യയന വര്‍ഷത്തില്‍ രണ്ട് പ്രധാന പരിഷ്‌കാരങ്ങളാണ് മന്ത്രാലയം നടപ്പിലാക്കുന്നത്. കെ.ജി മുതല്‍ ഗ്രേഡ് 2 വരെയുള്ള കുട്ടികള്‍ക്ക് ഇനി മുതല്‍ ഹോം വര്‍ക്കുകള്‍ ഉണ്ടാകില്ല, പകരം ഇവരില്‍ വായനാശീലം പ്രോത്സാഹിപ്പിക്കും. കൂടാതെ ഗ്രേഡ് 6 വിദ്യാര്‍ഥികള്‍ക്ക് പ്രധാന വിഷയങ്ങളുടെ പഠനത്തിന് ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് പകരം പരമ്പരാഗത രീതിയിലുള്ള പേനയും പേപ്പറും ഉപയോഗിച്ചുള്ള പഠനരീതി നടപ്പാക്കും.
ഗതാഗതവും സുരക്ഷാ നിയമങ്ങളും
വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യത്തിനായി പൊതു സ്‌കൂളുകള്‍ക്കായി 5810 ബസുകളും അബൂദാബിയില്‍ 10000 ബസുകളും സര്‍വീസ് നടത്തും. ദുബായില്‍ പ്രത്യേക സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയ ബസുകളാണ് നിരത്തിലിറങ്ങുന്നത്. സ്‌കൂള്‍ ബസുകള്‍ ‘Stop’ സൈന്‍ ബോര്‍ഡ് നിവര്‍ത്തുമ്പോള്‍ മറ്റ് വാഹനങ്ങള്‍ അഞ്ച് മീറ്റര്‍ അകലെ നിര്‍ബന്ധമായും നിര്‍ത്തിയിടേണ്ടതാണ്. ഈ നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 1000 ദിര്‍ഹം പിഴയും 10 ബ്ലാക്ക് പോയിന്റും ചുമത്തും. ഇതോടൊപ്പം സ്‌കൂള്‍ തുറക്കുന്ന ഓഗസ്റ്റ് 31 ന് ഗതാഗത ലംഘനങ്ങളോ അപകടങ്ങളോ വരുത്താതെ സുരക്ഷിതമായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിലെ നാല് ബ്ലാക്ക് പോയിന്റുകള്‍ കുറച്ച് നല്‍കുന്ന ആക്‌സിഡന്റ് ഫ്രീ ഡേ പദ്ധതിയും ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്
