പ്രതിദിന ടിക്കറ്റ് വരുമാനത്തില്‍ പുതിയ ചരിത്രമെഴുതി കെഎസ്ആര്‍ടിസി

0

തിരുവനന്തപുരം: പ്രതിദിന ടിക്കറ്റ് വരുമാനത്തില്‍ പുതിയ ചരിത്രമെഴുതി കെഎസ്ആര്‍ടിസി. ശബരിമല തീര്‍ഥാടന കാലയളവ് ഒഴിച്ചുനിര്‍ത്തിയാല്‍, കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ടിക്കറ്റ് വരുമാനമാണ് ഓഗസ്റ്റ് 31 ന് രേഖപ്പെടുത്തിയത്. ഒറ്റ ദിവസം കൊണ്ട് 10.82 കോടി രൂപയാണ് ടിക്കറ്റ് വില്‍പനയിലൂടെ മാത്രം കോര്‍പ്പറേഷന്റെ പെട്ടിയിലെത്തിയത്.

കെഎസ്ആര്‍ടിസി നിരന്തരം വന്‍ സാമ്പത്തിക നഷ്ടത്തിലാണെന്നും മാനേജ്മെന്റും സര്‍ക്കാരും തികഞ്ഞ പരാജയമാണെന്നും ആരോപിച്ച് രംഗത്ത് വരുന്ന പ്രതിപക്ഷത്തിന് വലിയൊരു രാഷ്ട്രീയ തിരിച്ചടിയായാണ് ഈ പുതിയ കണക്കുകള്‍ മാറുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ലഭിച്ച 10.19 കോടി രൂപയുടെ റെക്കോര്‍ഡാണ് ഇത്തവണ കെഎസ്ആര്‍ടിസി തിരുത്തിക്കുറിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 62.62 ലക്ഷം രൂപയുടെ അധിക വരുമാനം നേടാന്‍ കോര്‍പ്പറേഷന് സാധിച്ചു. ഒരാഴ്ചത്തെ സമയപരിധിയില്‍ ടിക്കറ്റ് വില്‍പ്പനയില്‍ മാത്രം 22.7 ശതമാനത്തിന്റെ കൂറ്റന്‍ കുതിപ്പാണ് ദൃശ്യമായത്. ടിക്കറ്റ് വരുമാനമായ 10.82 കോടി രൂപയ്ക്ക് പുറമെ, ടിക്കറ്റ് ഇതര മാര്‍ഗങ്ങളിലൂടെ ലഭിച്ച 83.74 ലക്ഷം രൂപ കൂടി ചേരുമ്പോള്‍ ഓഗസ്റ്റ് 31 ലെ ആകെ വരുമാനം 11.66 കോടി രൂപയെന്ന ചരിത്ര സംഖ്യയിലെത്തി.
സര്‍വീസുകളുടെ കാര്യക്ഷമതയിലും വലിയ പുരോഗതിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ആകെ 15.66 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തിയ അന്നേ ദിവസം ഒരു കിലോമീറ്ററിന് ലഭിക്കുന്ന വരുമാനം കഴിഞ്ഞ വര്‍ഷത്തെ 64.89 രൂപയില്‍ നിന്ന് 69.09 രൂപയായി ഉയര്‍ന്നു. അതുപോലെ ഒരു ബസിന് ലഭിക്കുന്ന ശരാശരി വരുമാനം 22,123 രൂപയില്‍ നിന്ന് 23,477 രൂപയായും വര്‍ധിച്ചു. നിരത്തിലിറങ്ങുന്ന ബസുകളുടെ എണ്ണം വര്‍ധിപ്പിച്ചതും കൃത്യമായ ഷെഡ്യൂളിങുമാണ് ഈ നേട്ടത്തിന് പിന്നില്‍. കഴിഞ്ഞ വര്‍ഷം 4,528 ബസുകള്‍ സര്‍വീസ് നടത്തിയ സ്ഥാനത്ത് ഇത്തവണ 4,641 ബസുകള്‍ നിരത്തിലിറക്കാന്‍ സാധിച്ചു. അധികമായി ഓപ്പറേറ്റ് ചെയ്ത 113 ബസുകള്‍ ഈ വരുമാന കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചു.

കെഎസ്ആര്‍ടിസി അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും പൊതുഗതാഗത സംവിധാനത്തെ സര്‍ക്കാര്‍ പൂര്‍ണമായി അവഗണിക്കുകയാണെന്നും ആരോപിച്ച് നിരന്തരം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്ന പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് ഈ കണക്കുകള്‍. സ്ഥാപനം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റി എന്ന വാദങ്ങളെ പൂര്‍ണമായി തള്ളിക്കളയുന്നതാണ് ഓപ്പറേഷണല്‍ കാര്യക്ഷമതയിലൂടെ കൈവരിച്ച ഈ കളക്ഷന്‍ നേട്ടം. ശരിയായ രീതിയില്‍ റൂട്ടുകള്‍ ക്രമീകരിക്കുകയും സര്‍വീസുകള്‍ കൃത്യമായി നടത്തുകയും ചെയ്താല്‍ കെഎസ്ആര്‍ടിസിയെ ലാഭപാതയില്‍ എത്തിക്കാന്‍ സാധിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണിത്

You might also like