ആസൂത്രിത കൊലപാതകം: പ്രതി അനില ബേബിക്ക് 25 വർഷം വരെ ജയിൽ ശിക്ഷ ഉറപ്പ്
ലോസ് ഏഞ്ചൽസ്: കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികളെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അഞ്ജനയും അനിലയും തമ്മിൽ എന്തെങ്കിലും പ്രശ്നമുള്ളതിന്റെ സൂചന അവസാന നിമിഷങ്ങളിൽ ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷി മൊഴികൾ. ആസൂത്രിതമായിരുന്നു അനിലയുടെ നീക്കങ്ങൾ എന്നാണ് പോലീസ് അനുമാനം. അന്വേഷണം പുരോഗമിക്കുകയാണ്.
അഞ്ജന അനിലയുടെ വാഹനത്തിനടുത്തേക്ക് വന്നത് ചിരിച്ചുകൊണ്ടായിരുന്നെന്ന് പോലീസ് രേഖപ്പെടുത്തിയ ദൃക്സാക്ഷി മൊഴികൾ . വാഹനത്തിന് അടുത്തേക്ക് നടന്നു വരുന്നത് കണ്ട സാക്ഷികൾ, ആ രംഗം അവർ തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നുവെന്ന സൂചന നൽകുന്നതായിരുന്നെന്ന് മൊഴി നൽകി. നിറുത്തിയിട്ടിരുന്ന അനിലയുടെ വാഹനം അപ്രതീക്ഷിതമായി വേഗം കൂട്ടുകയും അഞ്ജനയെ ഇടിക്കുകയുമായിരുന്നെന്ന് സാക്ഷികൾ പറയുന്നു. അനില തന്റെ വാഹനത്തിന്റെ ബ്രേക്ക് ചവിട്ടിയതിന്റെ സൂചനകളൊന്നും സ്ഥലത്തില്ല. സ്കിഡ് മാർക്കുകളോ ടയർ ഫ്രിക്ഷൻ അടയാളങ്ങളോ വഴിയിൽ കണ്ടെത്താനായില്ല.
ഈ സാഹചര്യത്തെളിവുകളിൽ നിന്ന് ഇതൊരു ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് ഡിറ്റക്ടീവുകൾ കരുതുന്നു. അതെസമയം ഇരുവരും തമ്മിലുള്ള ഏതെങ്കിലും തർക്കത്തിന്റെ സൂചനളൊന്നും പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
