
വീണ്ടും വക്കീല്‍ കുപ്പായമണിഞ്ഞ് മമതാ ബാനര്‍ജി; എസ്‌ഐആറിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ (എസ്ഐആര്‍) ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ നേരിട്ട് വാദിക്കാനെത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
എസ്ഐആറില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് സമര്‍പ്പിച്ച പെറ്റീഷന്‍ ഇന്‍ പേഴ്‌സണ്‍ ഹര്‍ജിയിലാണ് മമതയുടെ അസാധാരണ നീക്കം. അഭിഭാഷക കുപ്പായമണിഞ്ഞാണ് മമത കോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതി പരിസരത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
എസ്‌ഐആര്‍ നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ബംഗാളില്‍ നടക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കോടതിയെ അറിയിക്കുകയാണ് മമതയുടെ ലക്ഷ്യം. എസ്‌ഐആര്‍ നടപ്പിലാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച വിവിധ ഉത്തരവുകള്‍ റദ്ദാക്കണമെന്നും മമത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ നടക്കുന്നതെന്നും മമത ആരോപിക്കുന്നു
