നിതിൻ രാജിന്‍റെ മരണത്തിൽ മുഖ്യപ്രതിയായ അധ്യാപകൻ ഡോ.എം.കെ റാമിനെ കോടതി വിട്ടയച്ചു
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്‍റെ മരണത്തിൽ മുഖ്യപ്രതിയായ അധ്യാപകൻ ഡോ.എം.കെ റാമിനെ കോടതി വിട്ടയച്ചു. വിഷയത്തിൽ സുപ്രിംകോടതിയുടെ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നീക്കം. തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. അതേസമയം, കോടതി വിട്ടയച്ച റാമിനെ കോടതി വളപ്പിൽ വെച്ചുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോടതി വളപ്പിൽ നിന്ന് ബലം പ്രയോഗിച്ചാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. പൊലീസിന്‍റെ നടപടി നിയമവിരുദ്ധമാണെന്ന് റാമിന്‍റെ അഭിഭാഷകൻ പ്രതികരിച്ചു. തന്നെ തള്ളിമാറ്റിയാണ് പൊലീസ് ജീപ്പിലേക്ക് കയറ്റിയതെന്ന് റാമിന്‍റെ ഭാര്യയും പറഞ്ഞു.
