
ഹമാസ് എല്ലാ ബന്ദികളെ തിരികെ അയച്ചില്ലെങ്കില്‍ ഗാസയില്‍ “നരകത്തിന്‍റെ വാതിലുകള്‍ തുറക്കുമെന്ന്’ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ജെറുസലേം: ഹമാസ് എല്ലാ ബന്ദികളെ തിരികെ അയച്ചില്ലെങ്കില്‍ ഗാസയില്‍ “നരകത്തിന്‍റെ വാതിലുകള്‍ തുറക്കുമെന്ന്’ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇരുകൂട്ടരും തമ്മിലുള്ള ബന്ദി കൈമാറ്റം നടക്കുന്നതിനിടെയാണ് നെതന്യാഹുവിന്‍റെ ഭീഷണി. ഗാസയില്‍ ഹമാസിനെതിരേ ഇസ്രയേലും അമേരിക്കയും സംയുക്ത നടപടി ആലോചിക്കുന്നുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
തങ്ങള്‍ക്ക് പൊതുവായ ഒരു തന്ത്രമുണ്ട്. ഈ തന്ത്രത്തിന്‍റെ വിശദാംശങ്ങള്‍ പൊതുജനങ്ങളുമായി എപ്പോഴും പങ്കിടാൻ കഴിയില്ല. അവര്‍ ഒന്നൊഴിയാതെ എല്ലാ ബന്ദികളെയും മോചിപ്പിച്ചില്ലെങ്കില്‍ ഗാസയില്‍ നരകത്തിന്‍റെ വാതില്‍ തുറക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും നെതന്യാഹു വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് നെതന്യാഹുവിന്‍റെ പരാമര്‍ശം.
ഹമാസിന്‍റെ സൈനികശേഷിയെയും ഗാസയിലെ അവരുടെ ഭരണവും തങ്ങളില്ലാതാക്കും. ഇനിയൊരിക്കലും ഗാസ ഇസ്രയേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്തും. ഈ ലക്ഷ്യങ്ങള്‍ വേഗത്തില്‍ നേടാന്‍ തങ്ങള്‍ക്ക് അമേരിക്കയുടെ അകമഴിഞ്ഞ പിന്തുണയുണ്ടെന്നും നെതന്യാഹു പറഞ്ഞു.