
ചൂട് ക്രമാതീതമായി വർദ്ധിച്ചതോടെ മുണ്ടിനീര് ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി
പാലക്കാട്: ചൂട് ക്രമാതീതമായി വർദ്ധിച്ചതോടെ മുണ്ടിനീര് ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി. എല്ലാ കാലാവസ്ഥയിലും മുണ്ടിനീര് ബാധിക്കാറുണ്ടെങ്കിലും ചൂടേറിയ കാലാവസ്ഥയിലാണ് കൂടുതലായി കണ്ടുവരുന്നത്. കേരളത്തിൽ ഒന്നര മാസത്തിനിടെ മാത്രം 9,763 പേർക്ക് മുണ്ടിനീര് സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി ഒന്നുമുതൽ ഫെബ്രുവരി 14 വരെയുള്ള കണക്കാണിത്. ഈ മാസം ഇതുവരെ 2,712 പേർക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചത്.
2024ൽ സംസ്ഥാനത്താകെ 74,907 പേരാണ് മുണ്ടിനീര് ബാധിച്ച് ചികിത്സ തേടിയത്. ദിനവും 180-200 പേരാണ് മുണ്ടിനീര് ബാധിച്ച് ചികിത്സ തേടുന്നത്. പകരാൻ സാധ്യത കൂടുതലായതിനാൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു. എം.എം.ആർ പ്രതിരോധ വാക്സിനെടുക്കുന്നതിലൂടെ മുണ്ടിനീര് പ്രതിരോധിക്കാൻ സാധിക്കും. സർക്കാർ ആശുപത്രികളിൽ എം.എം.ആർ വാക്സിൻ സൗജന്യ വിതരണമില്ല.