ലഹരി നുണയുന്ന കൗമാരങ്ങൾ.. ഉത്തരവാദികൾ ആര് ?
പേടിയില്ലാതെ വളരുന്ന ഒരു സമൂഹത്തിൽ ഒന്നിനും നിയന്ത്രണങ്ങളുണ്ടാവില്ലെന്ന ചിന്ത തെറ്റാണ്. എല്ലാത്തിനും ഒരു പരിധി കഴിഞ്ഞാൽ നിയന്ത്രണങ്ങളുണ്ട്. വീട്ടുകാരിൽ നിന്നും, നാട്ടുകാരിൽ നിന്നും നിയമത്തിൽ നിന്നുമെല്ലാം നിയന്ത്രണങ്ങളുണ്ടാകും. പക്ഷെ ആവശ്യക്കാരന് അത് നടപ്പിലാക്കാനുളള എല്ലാ ഊടുവഴികളും ചുറ്റിലും തന്നെയുണ്ട് എന്നതാണ് സത്യം. അതിനുള്ള ഒളിയും മറയുമൊക്കെ സമൂഹം തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. എതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് സമൂഹത്തെ വരിഞ്ഞുമുറുക്കിയ ലഹരി എന്ന വിപത്ത്. ഒരു തലമുറയെ തന്നെ നശിപ്പിക്കാൻ കെൽപ്പുള്ള ലഹരി ഉൽപന്നങ്ങൾ നമുക്ക് ചുറ്റിലും തന്നെയുണ്ട്. ലഹരി നൽകുന്ന മായക്കാഴ്ച്ചകളും, അത്ഭുതലോകവുമൊക്കെ കൂടുതലും വശത്താക്കുന്നത് ആൺപെൺ വ്യത്യാസമില്ലാതെ ഇന്നത്തെ യുവത്വങ്ങളെ അപ്പാടെയാണ്. വിദ്യാർത്ഥികളാണ് ഭൂരിഭാഗവുമെന്നതാണ് അതിൽ ഏറെ സങ്കടം.
പുതിയ തലമുറയെ വഴിതെറ്റിക്കാൻ മയക്കുമരുന്നു മാഫിയാ സംഘങ്ങൾ വലവിരിച്ചു കാത്തുനിൽക്കുകയാണ് ചുറ്റിലും. കെണിയിൽ വീഴ്ത്താൻ മയക്കുമരുന്നു ലഹരിസംഘങ്ങൾ തക്കംപാർത്തുനിൽക്കുന്ന ഇന്നത്തെ കാലത്ത് വീട്ടിൽ ലഹരി ഉപയോഗിക്കുന്നവരുണ്ടെങ്കിൽ പോലും അത് വീട്ടുകാർ അറിയാതെ പോകുന്ന സാഹചര്യമുണ്ടാകുന്നു. കൗമാരത്തിൽ തലച്ചോറിൽ വളർച്ചയുടെ മാറ്റം സംഭവിക്കുന്ന സമയത്ത് ലഹരി ഉപയോഗിക്കുുന്നവരിൽ സംഗതി ആകെ തകിടം മറിയുന്നു. ഇത് മസ്തിഷ്കം ലഹരിക്ക് അടിമപ്പെടാനും മറ്റ് അവയവങ്ങളിൽ രോഗാവസ്ഥകൾ ഉടലെടുക്കാനും കാരണമാകുന്നു. മാനസികമായി തീരെ സ്വസ്ഥതയില്ലാത്തവർ, എപ്പോഴും പ്രശ്നങ്ങളിൽ പെട്ട് നട്ടം തിരിയുന്നവരൊക്കെ ഒരു ആശ്വാസത്തിനായി ലഹരി ഉപയോഗിക്കാനുള്ള സാധ്യത ഏറെയാണ്. കൂട്ടുകെട്ടിലൂടെയുള്ള ലഹരിയുടെ ഉപയോഗവും എടുത്ത് പറയേണ്ടതാണ്. സമൂഹത്തിന് ഏറ്റവും ദോഷകരമായ കൂട്ടരാണിവർ. സാമാന്യ ബോധവും, കൃത്യമായ മാനസിക നിലയുമില്ലാത്ത അക്രമാസക്തരായ ഒരു കൂട്ടത്തെ തെരുവിലേക്ക് അഴിച്ച് വിട്ടാലുള്ള അവസ്ഥയെന്താണ്, അത് തന്നെയാണ് ഈ കൂട്ടർ പുറത്തിറങ്ങുമ്പോൾ സംഭവിക്കുന്നത്. പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ മുതൽ കൊലപാതകങ്ങൾ വരെ ഇത് കാരണം ഉണ്ടാവുന്നു . ഇന്ത്യയിൽ 13 ശതമാനത്തോളം കുട്ടികൾ 20 വയസ്സിനു മുമ്പേ ലഹരി ഉപയോഗിച്ച് തുടങ്ങുന്നുവെന്നാണ് പഠനങ്ങളും കേസിന്റെ എണ്ണവും വ്യക്തമാക്കുന്നത്. പുകയില വസ്തുക്കളും ഗ്ളൂ പോലുള്ള ഇൻഹേലൻസ് ലഹരികളും 12ാം വയസ്സിലും കഞ്ചാവ്, മദ്യം എന്നിവ 13 ആം വയസ്സിലും കുട്ടികൾ ഉപയോഗിച്ച് തുടങ്ങുന്നുവെന്നാണ് 2022ലെ കണക്കുകൾ സൂചിപ്പിക്കുന്നത്.