ഡോണൾഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ വിദേശ സഹായങ്ങൾ മരവിപ്പിക്കാൻ യുഎസ് തീരുമാനം.

0

വാഷിങ്ടൻ: ഡോണൾഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ വിദേശ സഹായങ്ങൾ മരവിപ്പിക്കാൻ യുഎസ് തീരുമാനം. അടിയന്തര ഭക്ഷണത്തിനും സൈനിക സഹായത്തിനും ഇസ്രയേലിനും ഈജിപ്തിനും നൽകുന്ന സഹായം ഒഴിച്ചുള്ള മറ്റു വിദേശ സഹായങ്ങളാണു നിർത്തലാക്കുന്നത്. റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ജോ ബൈഡൻ കോടിക്കണക്കിനു ഡോളർ ആയുധങ്ങൾ നൽകിയ യുക്രെയ്നെ ഉൾപ്പെടെ ഇതു ബാധിക്കുമെന്നാണ് വിവരം.

ട്രംപ് തിങ്കളാഴ്ച അധികാരമേറ്റതിനു തൊട്ടുപിന്നാലെ 90 ദിവസത്തേക്ക് വിദേശ സഹായം താൽക്കാലികമായി നിർത്തിവയ്ക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചിരുന്നു. എന്നാൽ ഇത് എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമല്ല. ആഫ്രിക്കയിൽ, ആന്റി റിട്രോവൈറൽ മരുന്നുകൾ വാങ്ങുന്ന എച്ച്ഐവി വിരുദ്ധ സംരംഭമായ പെപ്ഫാറിനുള്ള യുഎസ് ഫണ്ടിങ്ങ് കുറച്ചുനാളുകളായി കുറഞ്ഞിരുന്നു. 2003ൽ അന്നത്തെ പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യു. ബുഷിന്റെ കീഴിൽ ആരംഭിച്ച പെപ്ഫാർ വഴി ഏകദേശം 26 ദശലക്ഷം ജീവനുകളാണു രക്ഷിച്ചത്.

എല്ലാ വിദേശ സഹായങ്ങളിലും 85 ദിവസത്തിനകം ആഭ്യന്തര അവലോകനം നടത്തണമെന്നാണു തീരുമാനം. വളരെക്കാലമായി ലോകത്തിലെ ഏറ്റവും വലിയ ദാതാക്കളാണ് അമേരിക്ക. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോർപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റിന്റെ കണക്കനുസരിച്ച്, 2023ൽ യുഎസ് 64 ബില്യൺ ഡോളറിലധികമാണ് വിദേശ രാജ്യങ്ങളെ സഹായിക്കാനായി നൽകിയത്.

You might also like