പ്രതിദിന കോവിഡ് കേസുകള്‍ ഒരുലക്ഷത്തില്‍ താഴെ; രണ്ടുമാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് ആശ്വാസമേകി പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 86,498 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 63 ദിവസത്തിനിടെ ഇതാദ്യമായാണ് ഇത്രയും കുറവ് പ്രതിദിന കണക്ക് രേഖപ്പെടുത്തുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 2,89,96,473 ആയിരിക്കുകയാണ്. ഇതില്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടിയ 1,82,282 പേര്‍ ഉള്‍പ്പെടെ ആകെ 2,73,41,462 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ അനുസരിച്ച് സജീവ കേസുകള്‍ 13,03,702 ആണ് രാജ്യത്തുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കഴിഞ്ഞ പതിനഞ്ച് ദിവസമായി കുറഞ്ഞു വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 36,82,07,596 സാമ്ബിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളത്.
രോഗികളും ആക്ടിവ് കേസുകളും കുറഞ്ഞ് വരുന്നുണ്ടെങ്കിലും മരണസംഖ്യ ആയിരത്തിന് മുകളില്‍ തന്നെയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 2123 കോവിഡ് മരണങ്ങളാണ് രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിലായി സ്ഥിരീകരിച്ചത്. ഇതുവരെ 3,51,309 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
ഇതിനിടെ സൗജന്യ വാക്സിന്‍ ഉള്‍പ്പെടെ സുപ്രധാന വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ജൂണ്‍ 21 മുതല്‍ രാജ്യത്ത് സൗജന്യ വാക്സിന്‍ നിലവില്‍ വരും. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കും.