പത്തനംതിട്ടയിലെ നാല് ആശുപത്രികളില്‍ മൂന്നു മാസത്തിനകം ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

0

പത്തനംതിട്ട: ജില്ലയില്‍ മൂന്നു മാസത്തിനകം നാല് ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

തിരുവല്ല താലൂക്ക് ആശുപതി, കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോന്നി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണു മൂന്നു മാസത്തിനകം ഓക്‌സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണു മിനിറ്റില്‍ 1500 ലിറ്റര്‍ ഓക്‌സിജന്‍ ഉല്‍പാദനശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നത്.

തിരുവല്ല താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച്‌ മിനിട്ടില്‍ 1000 ലിറ്റര്‍ വീതം ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന പ്ലാന്റുകളാണു സ്ഥാപിക്കുന്നത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ജില്ലാ പഞ്ചായത്ത് ഒരുക്കും.

കോന്നി മെഡിക്കല്‍ കോളജില്‍ മിനിറ്റില്‍ 1500 ലിറ്റര്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാവുന്ന പുതിയ പ്ലാന്റാണ് എന്‍.എച്ച്‌.എമ്മിന്റെ സഹായത്തോടെ ഒരുങ്ങുന്നത്. ഇതില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റാകും ആദ്യം യാഥാര്‍ത്ഥ്യമാകുക. ജില്ലയിലെ ഈ നാല് ഓക്‌സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഓക്‌സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ ജില്ല ബഹുദൂരം മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ കോന്നി മെഡിക്കല്‍ കോളജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പീഡിയാട്രിക് ഐ.സി.യു സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജില്‍ എന്‍.എച്ച്‌.എമ്മിന്റെ സഹായത്തോടെയാണ് പീഡിയാട്രിക് ഐ.സി.യു ഒരുക്കുന്നത്.

You might also like