ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് നാളെ മുതല്‍ രണ്ടു ട്രെയിനുകള്‍ കൂടി
ബംഗളൂരു: ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വിസുകള്‍ വീണ്ടും പുനരാരംഭിക്കുന്നു. ലോക്ഡൗണിനുശേഷം കന്യാകുമാരി എക്സ്പ്രസ് ട്രെയിനും മംഗളൂരു വഴിയുള്ള യശ്വന്ത്പുര-കണ്ണൂര്‍ എക്സ്പ്രസും മാത്രമായിരുന്നു സര്‍വിസ് തുടര്‍ന്നിരുന്നത്.
ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ അന്തര്‍ സംസ്ഥാന യാത്രക്കാരുടെ തിരക്ക് കൂടുെമന്നതിനെ തുടര്‍ന്നാണ് ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതല്‍ ട്രെയിന്‍ സര്‍വിസുകള്‍ പുനരാരംഭിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. കെ.എസ്.ആര് ബംഗളൂരു – എറണാകുളം (02677), മൈസൂരു – ബംഗളൂരു-കൊച്ചുവേളി (06315) സ്പെഷല്‍ എന്നീ ട്രെയിനുകളാണ് പുനരാരംഭിക്കുന്നത്.
രണ്ടു ട്രെയിനുകളുടെയും ബംഗളൂരുവില്‍നിന്നുള്ള ആദ്യ സര്‍വിസ് വ്യാഴാഴ്ചയായിരിക്കും (ജൂണ്‍ 17) ആരംഭിക്കുക. ഇതേ ട്രെയിനുകളുടെ കേരളത്തില്‍നിന്നുള്ള ആദ്യ സര്‍വിസ് ബുധനാഴ്ചയായിരിക്കും.
ടിക്കറ്റ് റിസര്‍വേഷനും ആരംഭിച്ചിട്ടുണ്ട്. അതേസമയം, യശ്വന്ത്പുര-കണ്ണൂര്‍ എക്സ്പ്രസ് ട്രെയിന്‍ പുനരാരംഭിച്ചിട്ടില്ല. നിലവില്‍ കണ്ണൂര്‍ ഭാഗത്തേക്ക് ട്രെയിനില്‍ പോകേണ്ടവര്‍ മംഗളൂരു വഴിയുള്ള ട്രെയിനിനെയാണ് ആശ്രയിക്കുന്നത്.