TOP NEWS| നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ ആയിരത്തിലധികം ഒഴിവുകൾ; യോഗ്യത പത്താം ക്ലാസ്; അവസാന തീയതി സെപ്റ്റംബർ 1
ദില്ലി: പ്രയാഗ്രാജ് ആസ്ഥാനമായുള്ള നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ 1664 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപന നമ്പര്‍: RRC/NCR/01/2021. ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രയാഗ്രാജ്, ഝാന്‍സി, ആഗ്ര എന്നീ ഡിവിഷനിലാണ് അവസരം. പ്രയാഗ്രാജ്-703, ഝാന്‍സി-665, ആഗ്ര-296 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
ഫിറ്റര്‍, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്), ആര്‍മേച്ചര്‍ വൈന്‍ഡര്‍, മെഷീനിസ്റ്റ്, കാര്‍പെന്റര്‍, ഇലക്ട്രീഷ്യന്‍, പെയിന്റര്‍ (ജനറല്‍), മെക്കാനിക് (ഡീസല്‍), ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം, വയര്‍മാന്‍, പ്ലംബര്‍, മെക്കാനിക് കം ഓപ്പറേറ്റര്‍ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷന്‍ സിസ്റ്റം, ഹെല്‍ത്ത് സാനിറ്ററി ഇന്‍സ്പെക്ടര്‍, മള്‍ട്ടിമീഡിയ ആന്‍ഡ് വെബ് പേജ് ഡിസൈനര്‍, മെക്കാനിക് മെഷീന്‍ ടൂള്‍സ് മെയിന്റനന്‍സ്, ക്രെയിന്‍ ഓപ്പറേറ്റര്‍, ഡ്രോട്സ്മാന്‍ (സിവില്‍), സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്, ഹിന്ദി) ഇവയാണ് ഒഴിവുള്ള ട്രേഡുകള്‍. 50 ശതമാനം മാര്‍ക്കോടെ പത്താംക്ലാസ് പാസായിരിക്കണം. വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്), വയര്‍മാന്‍, കാര്‍പെന്റര്‍ എന്നീ ട്രേഡുകള്‍ക്ക് എട്ടാംക്ലാസാണ് യോഗ്യത. കൂടാതെ ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 15-24 വയസ്സ്. 01.09.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷവും വയസ്സിളവ് ലഭിക്കും. 100 രൂപയാണ് അപേക്ഷാഫീസ്. എസ്.സി./എസ്.ടി./ഭിന്നശേഷിക്കാര്‍/വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മെട്രിക്കുലേഷന്‍ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. എഴുത്തുപരീക്ഷ ഉണ്ടായിരിക്കില്ല. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.rrcpryj.org എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 1.