എൻജിനീയറിങ് പ്രവേശനം: റാങ്ക് പട്ടിക തയാറാക്കുന്നത് 15 ഘടകങ്ങളുടെ അടിസ്ഥാനത്തിൽ

0

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഈ വർഷത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയാറാക്കുന്നതിനു മുന്നോടിയായി വിദ്യാർഥികളുടെ ഹയർസെക്കൻഡറി മാർക്ക് സമീകരിക്കുന്നത് 15 ഘടകങ്ങളുടെ അടിസ്ഥാനത്തിൽ. എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്കും ഹയർസെക്കൻഡറി മാർക്കിനും തുല്യ പരിഗണന നൽകിയാണ് ഈ വർഷവും റാങ്ക് പട്ടിക തയാറാക്കുന്നത്. വ്യത്യസ്ത ബോർഡുകളുടെ ഹയർസെക്കൻഡറി പരീക്ഷ പാസായ വിദ്യാർഥികളുടെ മാർക്ക് സമീകരിക്കേണ്ടതിനാലാണ് 15 ഘടകങ്ങൾ ആധാരമാക്കിയുള്ള ഫോർമുല സ്വീകരിക്കുന്നത്.

ബിടെക് പ്രവേശനത്തിനു വർഷങ്ങളായി തുടരുന്ന ഈ സമീകരണ രീതി ആർക്കെങ്കിലും നേട്ടം ഉണ്ടാക്കുമെന്നോ ദോഷം ചെയ്യുമെന്നോ ഇപ്പോൾ പറയാനാവില്ല. ഈ വർഷം പരീക്ഷ നടത്താതെ ഫലം പ്രഖ്യാപിച്ചതിനാൽ സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർഥികൾ ആശങ്കയിലാണ്. കേരള സിലബസിൽ പരീക്ഷയെഴുതി മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാർഥികൾ പ്രതീക്ഷയിലും. എന്നാൽ ആർക്കും ദോഷം വരാത്ത വിധത്തിൽ വിദ്യാർഥികളുടെ മികവ് കണക്കിലെടുത്തുള്ള റാങ്ക് പട്ടികയായിരിക്കും തയാറാക്കുകയെന്ന് അധികൃതർ പറയുന്നു.‍

You might also like