സൗദിയിൽ വീണ്ടും കോവിഡ് കേസുകളിൽ വൻ വർധന
സൗദിയിൽ വീണ്ടും കോവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. ഇന്ന് മാത്രം 222 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചുവെന്നും പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരിടവേളക്ക് ശേഷം സൗദിയിൽ വീണ്ടും കോവിഡ് കേസുകളിൽ വർധന രേഖപ്പെടുത്തി തുടങ്ങിയത്. നാല് ദിവസങ്ങൾക്ക് മുമ്പ് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്ന പുതിയ കേസുകളുടെ എണ്ണം നൂറിന് മുകളിലെത്തിയിരുന്നു. ഇത് ക്രമേണ ഉയർന്ന് ഇന്ന് 222 ലെത്തുകയായിരുന്നു. ഈ മാസം തുടക്കത്തിൽ ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരന് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. എന്നാൽ നിലവിൽ വ്യാപിച്ച് കൊണ്ടിരിക്കുന്നത് നേരത്തെ വ്യാപനത്തിലുള്ള ഡെൽറ്റ വകഭേദം തന്നെയാണ്. എങ്കിലും പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം ഓർമിപ്പിക്കുന്നത്.