രാത്രികാല കർഫ്യൂ ഒഴിവാക്കി; റെസ്റ്ററന്റുകളിൽ 50 ശതമാനം ആളുകൾക്ക് പ്രവേശനം: മുംബൈയിൽ കൂടുതൽ ഇളവുകൾ
മുംബൈയിൽ കൂടുതൽ കൊവിഡ് ഇളവുകൾ പ്രഖ്യാപിച്ചു. രാത്രികാല കർഫ്യൂ ഒഴിവാക്കിയ അധികൃതർ റെസ്റ്ററന്റുകളിൽ 50 ശതമാനം ആളുകൾക്ക് പ്രവേശനം അനുവദിച്ചു. ഇന്ന് 1000ൽ താഴെ കേസുകളാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് ഇവിടെ കൊവിഡ് നിയന്ത്രങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചത്. ബീച്ചുകളും പാർക്കുകളുമൊക്കെ തുറന്നുപ്രവർത്തിക്കും. അമ്യൂസ്മെൻ്റ് പാർക്കുകളിലും സ്വിമ്മിങ് പൂളുകളിലും 50 ശതമാനം ആളെ പ്രവേശിപ്പിക്കാം. റെസ്റ്ററൻ്റുകൾ തീയറ്ററുകൾ, നാട്യഗൃഹങ്ങൾ എന്നിവകൾക്കൊക്കെ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവർത്തിക്കാം. ഭജനകളും മറ്റ് സാംസ്കാരിക പരിപാടികളും നടക്കുന്ന ഹാളുകളിൽ 50 ശതമാനം ആളുകൾക്ക് പ്രവേശിക്കാം. കല്യാണങ്ങൾക്ക് 25 ശതമാനം ആളുകൾക്കോ 200 പേർക്കോ പ്രവേശിക്കാം. രാത്രി സഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഇല്ല. കായിക മത്സരങ്ങൾ നടക്കുന്ന സ്ഥലത്ത് 25 ശതമാനം കാണികൾക്ക് പ്രവേശനമുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളും ചന്തകളും തുറന്നുപ്രവർത്തിക്കും.