ഉൽപാദനം ഉയർത്തി എണ്ണവില കുറയ്ക്കാൻ സൗദി ഉൾപ്പെടെ ഒപെക് രാജ്യങ്ങൾക്കു മേൽ വീണ്ടും അമേരിക്കൻ സമ്മർദം

0

റഷ്യക്കു മേൽ എണ്ണവിലക്ക് പ്രഖ്യാപിച്ചതോടെ ഉൽപാദനം ഉയർത്തി വിപണിയിൽ വില കുറയ്ക്കാൻ സൗദി അറേബ്യ ഉൾപ്പെടെ ഒപെക് രാജ്യങ്ങൾക്കു മേൽ വീണ്ടും അമേരിക്കൻ സമ്മർദം. എന്നാൽ ഉൽപാദനത്തിൽ ഗണ്യമായ വർധന വേണ്ടതില്ലെന്ന നിലപാടിൽ തന്നെയാണ് ഒപെക് രാജ്യങ്ങൾ. അതേസമയം ഇറാൻ ആണവ കരാർ പുനഃസ്ഥാപിക്കുന്നതോടെ കൂടുതൽ എണ്ണ വിപണിയിലെത്തിയേക്കും. റഷ്യയിൽ നിന്നുളള എണ്ണ ഇറക്കുമതിക്ക് വിലക്ക് ഏർപ്പെടുത്തി യു.എസ് പ്രസിഡന്‍റ് ബൈഡന്‍റെ പ്രഖ്യാപനം വന്നതോടെ വിപണിയിൽ അസംസ്കൃത എണ്ണവില വീണ്ടും ഉയർന്നു. റഷ്യയുടെ യുക്രൈൻ അധിനിവേശം ആരംഭിച്ചതോടെ എണ്ണവിലയിൽ പത്തു ശതമാനത്തിലേറെയാണ് വർധന ഉണ്ടായത്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉപരോധം എണ്ണയിലേക്ക് വ്യാപിപ്പിക്കാനിടയില്ല എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ അമേരിക്കക്കു പിന്നാലെ കൂടുതൽ യൂറോപ്യൻ രാജ്യങ്ങളും വിലക്ക് പ്രഖ്യാപനത്തിലേക്ക് വരും. അതോടെ എണ്ണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിതാനത്തിലേക്ക് കുതിച്ചുയർന്നേക്കും. അമേരിക്കയും യൂറോപ്പും വിലക്ക് ഏർപ്പെടുത്തിയാൽ എണ്ണവില ഇരുനൂറ് കടക്കുമെന്നും പണപ്പെരുപ്പം ഉയരുമെന്നും റഷ്യ മുന്നറിയിപ്പ് നൽകിയിരുന്നു.

You might also like