റഷ്യക്ക് മേല്‍ ഉപരോധം കടുപ്പിച്ച് അമേരിക്ക; വ്യാപാര മേഖലയിൽ അഭിമത രാഷ്ട്രമെന്ന പദവി പിന്‍വലിക്കും
യുക്രൈനിലെ കൂടുതൽ നഗരങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം ശക്തമാക്കി റഷ്യ. ഡ്നിപ്രോയിലുണ്ടായ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി യുക്രൈൻ സ്ഥിരീകരിച്ചു. അതിനിടെ യുക്രൈൻ ലബോറട്ടറികളിൽ ജൈവായുധങ്ങൾ നിർമിച്ചുവെന്ന റഷ്യയുടെ ആരോപണത്തെ തുടർന്ന് യുഎൻ രക്ഷാ സമിതി അടിയന്തര യോഗം ചേർന്നു. റഷ്യയുടെ ആരോപണത്തെ തള്ളി യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി രംഗത്തെത്തി. റഷ്യ യുക്രൈൻ യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ആക്രമണം ശക്തമാക്കുകയാണ് റഷ്യ. ലുട്സ്ക്, ഇവാനോ-ഫ്രാങ്കിവ്സ്ക്, ഡ്നിപ്രോ നഗരങ്ങളിലാണ് ആക്രമണം കടുപ്പിച്ചത്. യുക്രൈനില്‍ അധിനിവേശം തുടങ്ങിയതിനുശേഷം ആദ്യമായാണ് റഷ്യ ഈ നഗരങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്നത്. ,ഡ്നിപ്രോയിൽ കനത്ത വ്യോമാക്രമണം തുടരുന്നതായി യുക്രൈന്‍ വൃത്തങ്ങളും സ്ഥിരീകരിച്ചു. ലുട്സ്കിൽ രണ്ടു യുക്രൈന്‍ സൈനികർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.