തുർക്കിയുടെ തുടർച്ചയായ ആക്രമണം: കുർദിസ്ഥാൻ മേഖലയിലെ ക്രിസ്ത്യൻ ഗ്രാമം വിജനമായി

0

സഖോ: തുർക്കിയുടെ തുടർച്ചയായ സൈനിക നടപടികളെ തുടർന്നു കുർദിസ്ഥാൻ മേഖലയിലെ സഖോ ജില്ലയിലെ ക്രിസ്ത്യൻ ഗ്രാമമായ ഷെറാനിഷ് പ്രദേശം വിജനമായി. കഴിഞ്ഞ രണ്ടുമാസത്തിനിടെ നിരവധി വ്യോമാക്രമണങ്ങൾ ഈ ഗ്രാമത്തിൽ ഉണ്ടായതിനെ തുടർന്ന് ക്രൈസ്തവ വിശ്വാസികളായ ഗ്രാമവാസികൾ സ്വഭവനം ഉപേക്ഷിച്ചു മറ്റുസ്ഥലങ്ങളിലേക്കു പലായനം ചെയ്യുകയായിരിന്നു. തങ്ങളുടെ എല്ലാ ഫാമുകൾക്കും തീയിട്ടുവെന്നും ഗ്രാമത്തിന് ചുറ്റുമുള്ള പ്രദേശത്ത് ബോംബാക്രമണം രൂക്ഷമാണെന്നും ഇതേ തുടർന്നു പലായനം ചെയ്യുകയായിരിന്നുവെന്നും ഗ്രാമവാസിയായ അമീർ നിസ്സാൻ പറഞ്ഞു.

ബാഗ്ദാദിൽ നിന്ന് നാടുകടത്തപ്പെട്ട തങ്ങൾ ക്രിസ്ത്യൻ ഗ്രാമമായതു കൊണ്ട്, ഈ സ്ഥലം സുരക്ഷിതമാണെന്ന് കരുതി ഷെറാനിഷിൽ എത്തിയെങ്കിലും ആക്രമണങ്ങളെ തുടർന്നു വീണ്ടും പലായനം ചെയ്യേണ്ടിവന്നുവെന്ന് ഇവാൻ ഹിക്മറ്റ് എന്നയാൾ പറഞ്ഞു. തുർക്കിയും കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയും (പി‌കെകെ) തമ്മിലുള്ള പോരാട്ടമാണ് പ്രദേശത്ത് അരക്ഷിതാവസ്ഥ സൃഷ്ട്ടിക്കുന്നത്. തുർക്കിയുടെ അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സ്ഥലമാണ് സഖോ. തുർക്കിയുടെ നിരന്തരമായ പോരാട്ടം കാരണം ഈ പ്രദേശത്തെ മറ്റു പല ഗ്രാമങ്ങളിലെ ജനങ്ങളും വിട്ടൊഴിഞ്ഞു പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിന് മുൻപും ആക്രമണം രൂക്ഷമായതിനെ തുടർന്നു പ്രദേശത്ത് നിന്നു ജനങ്ങൾ പലായനം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണിലാണ് കുർദിസ്ഥാൻ മേഖലയിലെ തുർക്കി സൈന്യത്തിന്റെ ആക്രമണങ്ങൾ മേഖലയിൽ വ്യാപകമായി ആരംഭിച്ചത്.

You might also like