6വയസിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷൻ ഉടൻ; കൊവാക്സീനും കോർബെവാക്സിനും സൈക്കോവ് ഡിക്കും അനുമതി
ദില്ലി: രാജ്യത്ത് ആറ് വയസിന് (SIX YEARS)മുകളിലുള്ള കുട്ടികൾക്കായുള്ള കൊവിഡ് (covid)പ്രതിരോധ വാക്സീൻ (vaccine)കുത്തിവെപ്പ് ഉടൻ തുടങ്ങിയേക്കും.മൂന്ന് വാക്സീനുകൾക്ക് കൂടി കുട്ടികളിൽ കുത്തിവെക്കാൻ അനുമതി കിട്ടിയതോടെയാണ് ഇതിനായുള്ള നടപടികൾ കേന്ദ്ര ആരോഗ്യമന്ത്രാലയം തുടങ്ങിയത്. പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ വിദഗ്ധപോദേശ സമിതി ശുപാർശ കൂടി ലഭിച്ചാൽ ഉടനടി വാക്സീൻ വിതരണം തുടങ്ങും
കുട്ടികൾക്കായുള്ള വാക്സീൻ കുത്തിവെപ്പ് എന്ന വലിയ പദ്ധതിയിലേക്ക് കടക്കുകയാണ് രാജ്യം.ഡിസിജിഐ യോഗത്തിൽ വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് കുത്തിവെപ്പിനായി മൂന്ന് വാക്സീനുകൾക്ക് കൂടി അനുമതി നൽകി. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ , ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കോർബെവാക്‌സ് ,സൈക്കോവ് ഡി എന്നിവയ്ക്കാണ് ഡിസിജിഐ അനുമതി.
ആറ് വയസിനും പന്ത്രണ്ട് വയസിനും മധ്യേ പ്രായമുള്ള കുട്ടികളിൽ കൊവാക്‌സിനും അഞ്ച് മുതൽ 12 വയസിനിടയിലുള്ള കുട്ടികളിൽ കോർബെവാക്‌സും12 വയസിന് മുകളിലുള്ള കുട്ടികളിൽ സൈകോവ് ഡിയുമാണ് ഉപയോഗിക്കാൻ അനുമതി.
ഡിഎൻഎ അടിസ്ഥാന വാക്സീനായ സൈകോവ് ഡിയുടെ മൂന്ന് മില്ലി ഗ്രാം വരുന്ന രണ്ട് ഡോസ് വാക്സിസാകും നൽകുക,ഈ വാക്സീന്റെ മൂന്ന് ഡോസുകളാണ് മുതിർന്നവർക്ക് നൽകുന്നത്. ജനുവരിയിൽ 15-18 വയസ്സുകാരിൽ വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചത്. കഴിഞ്ഞമാസം 12 വയസ്സിനു മുകളിലുള്ളവരെ കൂടി കുത്തിവെപ്പിന്റെ ഭാഗമാക്കി, നിലവിൽ 12 മുതൽ 18 വയസു വരെ പ്രായമുള്ളവർക്ക് കൊവാക്സീനും 12 മുതൽ 14 വരെ പ്രായമുള്ളവർക്ക് കോർബൈവാക്സും നൽകുന്നു