ശ്രീലങ്കയിലെ ക്രൈസ്തവ നരഹത്യയെപ്പറ്റി പതിനായിരത്തോളം പേർക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തൽ
കൊളംബോ: കഴിഞ്ഞ വർഷം ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ ക്രിസ്ത്യൻ ദേവാലയങ്ങളിലും, ഹോട്ടലുകളിലുമുണ്ടായ തീവ്രവാദി ആക്രമണങ്ങളെക്കുറിച്ച് പതിനായിരത്തോളം പേർക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്. ശ്രീലങ്കയിലെ മുൻ ഇന്റലിജൻസ് മേധാവി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 280 പേരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണങ്ങളെക്കുറിച്ച് പടിഞ്ഞാറൻ പ്രവിശ്യയിലെ 8,000 പോലീസുകാരുൾപ്പെടെ ഏറ്റവും ചുരുങ്ങിയത് 10,000 പേർക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്നാണ് ആ സമയത്തെ സ്റ്റേറ്റ് ഇന്റലിജൻസ് സർവീസസ് (എസ്.ഐ.എസ്) ഡയറക്ടറായ നിളന്ത ജയവർധന ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കുവാനായി നിയോഗിക്കപ്പെട്ട പ്രസിഡൻഷ്യൽ കമ്മീഷൻ ഓഫ് എൻക്വയറിക്ക് മുൻപാകെ ഇക്കഴിഞ്ഞ ഒക്ടോബർ 19ന് വെളിപ്പെടുത്തിയത്.
കൊളംബോ മെത്രാപ്പോലീത്ത കർദ്ദിനാൾ മാൽക്കം രഞ്ജിത്തിന്റെ പ്രതിനിധിയായി എൻക്വയറിയിൽ പങ്കെടുത്ത ഷാമിൽ പെരേരയുടെ ചോദ്യങ്ങൾക്കുത്തരമായിട്ടാണ് മുൻ ഇന്റലിജൻസ് മേധാവി ഈ സുപ്രധാന വെളിപ്പെടുത്തലുകൾ നടത്തിയത്. ഏപ്രിൽ 21ന് നടന്ന തീവ്രവാദി ആക്രമണങ്ങളെക്കുറിച്ച് ഏപ്രിൽ 4-ന് തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നതായി ജയവർധന പറഞ്ഞു. തന്റെ ഏജൻസി ഏപ്രിൽ 20ന് തന്നെ വിദേശ എംബസിസകൾക്കും, ഇന്റലിജൻസ് വിഭാഗങ്ങൾക്കും ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണങ്ങളുടെ സൂത്രധാരനായ സഹ്രാൻ ഹാഷിമിനെ കുറിച്ച് അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനക്ക് 2019 ജനുവരിയിൽ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായും, എന്നാൽ സിരിസേന സഹ്രാൻ ഹാഷിമിനെ പിടിക്കുവാൻ ഉത്തരവിടുന്നതിന് പകരം, നിസംഗത കാണിക്കുക മാത്രമാണ് ചെയ്തെന്നും ജയവർധനയുടെ വെളിപ്പെടുത്തലിൽ പറയുന്നു. 2019 ഏപ്രിൽ 21നാണ് കൊളംബോയിലെ രണ്ടു കത്തോലിക്ക ദേവാലയങ്ങളിലും, ഒരു പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലും, മൂന്നു ഹോട്ടലുകളിലും തീവ്രവാദികൾ ബോംബാക്രമണം നടത്തിയത്. ആക്രമണങ്ങളിൽ 45 വിദേശികൾ ഉൾപ്പെടെ 280 പേർ കൊല്ലപ്പെട്ടു. ഐഎസ് അനുകൂല സംഘടനയായ സഹ്രാൻ ഹാഷിമിന്റെ നേതൃത്വത്തിലുള്ള നാഷണൽ തൗഹീദ് ജമാഅത്ത് (എൻ.ജെ.ടി) ആണ് ആക്രമണങ്ങൾ നടത്തിയതെന്ന് പിന്നീട് വ്യക്തമായിരിന്നു.