ഹെൽമെറ്റ്‌ ഇല്ലെങ്കിൽ ഇനി ലൈസൻസും റദ്ദാക്കും; പിൻസീറ്റിലും നിർബന്ധം

0

തിരുവനന്തപുരം : ഇരുചക്രവാഹന യാത്രക്കാർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനു പുറമെ ലൈസൻസ് റദ്ദാക്കാനും ഉത്തരവ്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ശുപാർശ അടുത്ത മാസംമുതൽ നടപ്പാക്കാൻ ട്രാൻസ്പോർട്ട് കമീഷണർ എം ആർ അജിത് കുമാർ ഉത്തരവിട്ടു. ഹെൽമെറ്റ് ധരിക്കാത്തവരുടെ ലൈസൻസ് മൂന്നുമാസത്തേക്ക് റദ്ദാക്കാനാണ് ഉത്തരവ്.
പിൻസീറ്റ് യാത്രക്കാരൻ ഹെൽമെറ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ ലൈൻസ് റദ്ദാക്കും. റോഡ് സുരക്ഷാ ക്ലാസിനും സാമൂഹ്യസേവനത്തിനും നിയമലംഘകരെ അയക്കണമെന്നും ഉത്തരവിലുണ്ട്. ഹെൽമെറ്റ് ധരിക്കാത്തതിന് 1000 രൂപയായിരുന്നു കേന്ദ്ര സർക്കാർ നിർദേശിച്ച പിഴ. സംസ്ഥാനം ഇത് 500 ആക്കി കുറച്ചിരുന്നു.ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഇനി മുതൽ പിഴ മാത്രമല്ല ഡ്രൈവിംഗ് ലൈസൻസിനെയും ബാധിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ്. മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്നവർ പ്രൊട്ടക്ടീവ് ഹെഡ് ഗിയർ അഥവാ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ വാഹനം ഓടിച്ചയാളുടെ ലൈസൻസ് മൂന്ന് മാസ കാലത്തേയ്ക്ക് അയോഗ്യത കൽപ്പിക്കാനാകും. ഇത് കൂടാതെ വാഹനം ഓടിച്ചയാൾ മോട്ടോർ വാഹന നിയമത്തിന്റെ സെക്ഷൻ 194 ഡി പ്രകാരം 1000 രൂപ പിഴ അടയ്ക്കാനും ബാധ്യസ്ഥനാണെന്ന് എംവിഡി കേരള ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

സെക്ഷൻ 200 പ്രകാരം സംസ്ഥാനങ്ങൾക്കുള്ള അധികാരം ഉപയോഗിച്ച്‌ പിഴ തുക 500 രൂപയായി കുറച്ചിട്ടുണ്ട്. എന്നാൽ മോട്ടോർ വാഹന നിയമത്തിന്റെ 200-ാം വകുപ്പിൽ (2)ാം ഉപവകുപ്പിന്റെ രണ്ടാം ക്ലിപ്ത നിബന്ധന പ്രകാരം കോമ്ബൗണ്ടിംഗ് ഫീ അടച്ചാലും ഡ്രൈവിംഗ് ലൈസൺസ് അയോഗ്യത കൽപ്പിക്കൽ, ഡ്രൈവർ റിഫ്രഷർ ട്രെയിനിംഗ് കോഴ്‌സ്, കമ്മ്യൂണിറ്റി സർവ്വീസ് പൂർത്തിയാക്കൽ എന്നിവയിൽ നിന്ന് ഡ്രൈവറെ ഒഴിവാക്കുകയില്ല.

2020 ഒക്ടോബർ ഒന്ന് മുതൽ മോട്ടോർ വാഹന നിയമത്തിന്റെ 206-ാം വകുപ്പ് (4)ാം ഉപവകുപ്പ് പ്രകാരം പോലീസ് ഓഫീസർക്കോ, മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കോ പരിശോധന വേളയിൽ മോട്ടോർ സൈക്കിൾ യാത്രക്കാർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്താൽ ഡ്രൈവിംഗ് ലൈസൻസ് പിടിച്ചെടുക്കുവാനാകും. കൂടാതെ ബന്ധപ്പെട്ട ലൈസൻസിംഗ് അധികാരിക്ക് ഡ്രൈവിംഗ് ലൈസൻസ് അയോഗ്യത കൽപ്പിക്കാൻ ശുപാർശ ചെയ്തുകൊണ്ട് ഒറിജിനൽ ലൈസൻസ് അയച്ചുകൊടുക്കാനും അധികാരമുണ്ട്.

You might also like