ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ വ്യാപക ആക്രമണം
വാർസോ: പോളണ്ടിൽ കഴിഞ്ഞയാഴ്ച നടപ്പിലാക്കിയ പ്രോലൈഫ് നിയമത്തിനെതിരെ ഗർഭഛിദ്ര അനുകൂലികൾ നടത്തിയ പ്രതിഷേധത്തിനിടയിൽ വിവിധ സ്ഥലങ്ങളിലെ കത്തോലിക്ക ദേവാലയങ്ങൾക്കു നേരെ ആക്രമണം. അസഭ്യം നിറഞ്ഞ മുദ്രാവാക്യങ്ങളുമായി നൂറുകണക്കിനാളുകളാണ് തെരുവുകളും ദേവാലയങ്ങളും കീഴടക്കിയത്. കഴിഞ്ഞ നാലു ദിവസങ്ങളായി നടന്നുവരുന്ന പ്രതിഷേധങ്ങളിൽ ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രതിഷേധമാണ് അക്രമാസക്തമായത്. ജനിക്കുമ്പോൾ വൈകല്യമുണ്ടാകും എന്നതിന്റെ പേരിൽ ഗർഭഛിദ്രം അനുവദിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പോളണ്ടിലെ ഭരണഘടനാ കോടതി വിധിച്ചതിന് പിന്നാലെയാണ് ആക്രമണം.
ദേവാലയങ്ങൾക്ക് മുന്നിൽ അസഭ്യവർഷവുമായി തടിച്ചുകൂടിയ ഗർഭഛിദ്ര അനുകൂലികളായ പ്രതിഷേധക്കാർ വിശ്വാസികളെ ദേവാലയത്തിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കുകയും, വിശുദ്ധ കുർബാന തടസ്സപ്പെടുത്തുകയും ചെയ്തു. ഇടതുപക്ഷ എംപിമാരുടെ പിന്തുണയോടെയാണ് പ്രതിഷേധ പ്രകടനം നടന്നത്. വാർസോയിലെ ക്രാക്കോവിലെ പോസ്നാൻ ദേവാലയത്തിന്റെ നിയന്ത്രണം മണിക്കൂറുകളോളം പ്രതിഷേധക്കാരുടെ കൈകളിലായിരുന്നു. വിശുദ്ധ കുർബാന നടക്കുന്നതിനിടെ ദേവാലയത്തിലെത്തിയ ഗർഭഛിദ്ര അനുകൂലികൾ മനുഷ്യ ചങ്ങല തീർക്കുകയും, മണിക്കൂറുകളോളം ദേവാലയം തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു.
ജീവൻ വിരുദ്ധ പ്ലക്കാർഡുകളുമായിട്ടായിരുന്നു പ്രതിഷേധം. ദേവാലയങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നത് തടയുവാൻ കത്തോലിക്കാ വിശ്വാസികളും രംഗത്തുണ്ടായിരുന്നു. ക്രാക്കോവ് അതിരൂപതാ കാര്യാലയത്തിനു മുന്നിൽ ഒരുമിച്ച് കൂടിയശേഷമാണ് വിശ്വാസികൾ ദേവാലയ സംരക്ഷണത്തിനായി പല സംഘങ്ങളായി പിരിഞ്ഞത്. അതിരൂപതാ കാര്യാലയത്തിന്റെ മുന്നിലും പ്രതിഷേധം നടന്നു. പ്രതിഷേധക്കാരിൽ ചിലർ ഗുണ്ടകളെപ്പോലെയാണ് പെരുമാറിയതെന്നു ദേവാലയ സംരക്ഷണത്തിനായി രംഗത്തിറങ്ങിയ പിയോട്ടർ എന്ന യുവാവ് വെളിപ്പെടുത്തി. പ്രോലൈഫ് നിയമത്തിന്റെ പേരിൽ ദേവാലയങ്ങൾ ആക്രമിക്കപ്പെടുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും പിയോട്ടർ പറഞ്ഞു.
ഇടതുപക്ഷ അനുകൂലികളുടെ കമ്മിറ്റി ഫോർ ദി ഡിഫൻസ് ഓഫ് ഡെമോക്രസിയും (കെ.ഒ.ഡി) അവരുടെ അബോർഷൻ അനുകൂല വിഭാഗമായ സ്ട്രാജ്ക് കൊബിയറ്റുമാണ് (സ്ത്രീകളുടെ സമരം) ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടതിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. നിയമയുദ്ധത്തിൽ ലഭിച്ച വിജയത്തിലെ അലയടികൾ ഒടുങ്ങുന്നതിന് മുൻപ് ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടതിൽ പോളണ്ടിലെ കത്തോലിക്കർ ആശങ്കയിലാണ്. അതേസമയം ദേവാലയത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുവാൻ കത്തോലിക്ക യുവജനങ്ങൾ മുന്നോട്ട് വരുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.