ഫെംഗൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അതീവ ജാഗ്രതയിൽ തമിഴ്നാട്.
ചെന്നൈ: ഫെംഗൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അതീവ ജാഗ്രതയിൽ തമിഴ്നാട്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഫെംഗൽ ചുഴലിക്കാറ്റാകുമെന്നും കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു. ജനം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. പുതുച്ചേരി, ആന്ധ്രാപ്രദേശ് ഭാഗങ്ങളിലും കേരളത്തിലും മഴയ്ക്ക് സാദ്ധ്യതയുണ്ട്. ചെന്നൈ ഉൾപ്പെടെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. മയിലാടുതുറൈ, തിരുവാരൂർ ജില്ലകളിൽ റെഡ് അലർട്ടും ചെന്നൈയിലും സമീപ പ്രദേശങ്ങളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഉയർന്ന തിരമാലകൾക്ക് സാദ്ധ്യതയുണ്ട്. സംസ്ഥാനത്ത് ദുരന്ത നിവാരണ സേനകളെ വിന്യസിച്ചതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും മഴ തുടരുകയാണ്. പ്രധാന നഗരങ്ങളിൽ യാത്രക്കാർ ദുരിതത്തിലായി. പലയിടത്തും കൃഷി നശിച്ചു.പ്രതികൂല കാലാവസ്ഥയെ തുടർന്ന് നഗരത്തിൽ നിന്നുള്ള വിമാന സർവീസുകൾ തടസപ്പെട്ടു. അറുമ്പാക്കം, വിരുഗംപാക്കം പ്രദേശങ്ങൾ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സന്ദർശിച്ചു.