മുസ്ലിം പള്ളിയാക്കി മാറ്റിയ തുർക്കിയിലെ കോറ ക്രൈസ്തവ ദേവാലയത്തിൽ ഇന്ന് ആദ്യ ഇസ്ലാമിക പ്രാർത്ഥന

0

ഇസ്താംബൂൾ: മുസ്ലിം പള്ളിയാക്കി മാറ്റിയ ഇസ്താംബൂളിലെ ചരിത്ര പ്രസിദ്ധമായ കോറ ഹോളി സേവ്യർ ക്രൈസ്തവ ദേവാലയത്തിൽ നിന്നും ഇന്ന്ഒക്ടോബർ 30 വെള്ളിയാഴ്ച ഇസ്ലാമിക പ്രാർത്ഥന ഉയരും. തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ പ്രത്യേകം താൽപര്യമെടുത്താണ് ഏറെനാളായി മ്യൂസിയമായി പ്രവർത്തിച്ചിരുന്ന ദേവാലയം മുസ്ലിം പള്ളിയാക്കിമാറ്റിയത്. എഡി 534ൽ ബൈസൻറൈൻ വാസ്തുകലയെ ആധാരമാക്കിയാണ് കോറ ദേവാലയം പണിയുന്നത്. നിരവധി മനോഹരമായ ചിത്രങ്ങൾ ദേവാലയത്തിന്റെ ചുമരിലുണ്ട്. പല ചിത്രങ്ങൾക്കും നൂറ്റാണ്ടുകൾ പഴക്കമുണ്ട്.

1453ൽ ഓട്ടോമൻ തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ പിടിച്ചടക്കിയപ്പോൾ കോറ ദേവാലയത്തിന്റെ നിയന്ത്രണവും അവർ കൈയടക്കുകയായിരിന്നു. 1511ൽ അതിനെ ഒരു മുസ്ലിം ആരാധനാലയമാക്കി മാറ്റി. 1945ൽ തുർക്കി മന്ത്രിസഭയിലെ അംഗങ്ങളാണ് കോറ ഒരു മ്യൂസിയമാക്കി മാറ്റാൻ തീരുമാനമെടുക്കുന്നത്. എന്നാൽ ഇത് നിയമവിരുദ്ധമാണെന്ന് 2019 നവംബർ മാസം തുർക്കിയിലെ കൗൺസിൽ ഓഫ് സ്റ്റേറ്റ് വിധിച്ചു. ഇതേ തുടർന്നാണ് ക്രിസ്തീയ ദേവാലയത്തിൽ ഇസ്ളാമിക പ്രാർത്ഥനകൾ നടത്താൻ ഏർദോഗൻ ഭരണകൂടം ഒരുങ്ങുന്നത്.
പുരാതന ക്രൈസ്തവ ദേവാലയമായിരുന്ന ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കാൻ അനുവാദം നൽകിയതും കൗൺസിൽ ഓഫ് സ്റ്റേറ്റാണ്. ദേവാലയത്തിലെ ക്രിസ്തീയ ചിത്രങ്ങൾ അടക്കമുള്ളവ ഇതിനോടകം മറച്ചു കഴിഞ്ഞു. പുരാതന ചിത്രങ്ങൾ മറച്ചുവെക്കുന്നത് കോറയുടെ കലാമൂല്യം നശിപ്പിക്കുമെന്ന് ഇസ്താംബൂൾ മെട്രോപോളിറ്റൻ മുൻസിപ്പാലിറ്റിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മാഹിർ പൊളാട്ട് മുന്നറിയിപ്പുനൽകിയിട്ടുണ്ട്. തീവ്ര ഇസ്ളാമികവാദമുള്ള എർദോഗൻ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര തലത്തിലും വലിയ പ്രതിഷേധ സ്വരങ്ങളാണ് ഉയരുന്നത്.

You might also like