നീതിയും മനഃസാക്ഷിയും മതഭ്രാന്തിൽ നഷ്ട്ടപെട്ടോ ?തട്ടിക്കൊണ്ടുപോയവനൊപ്പം ജീവിക്കാൻ ക്രിസ്ത്യൻ പെൺകുട്ടിയോട് പാക്ക് ഹൈക്കോടതി
കറാച്ചി: മരിയ (മൈറ) ഷഹ്ബാസിന് പിന്നാലെ പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടുപോകലിനും, നിർബന്ധിത മതപരിവർത്തനത്തിനും, വിവാഹത്തിനും ഇരയായ പതിമൂന്നുകാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയവനൊപ്പം വിട്ടുകൊണ്ടു സിന്ധ് ഹൈക്കോടതി വിധി. രാജ്യത്തെ ക്രിസ്ത്യൻ സമൂഹത്തിനിടയിൽ ഞെട്ടൽ ഉളവാക്കികൊണ്ടാണ് പാക്കിസ്ഥാനിലെ കറാച്ചിയിലെ റെയിൽവേ കോളനി നിവാസിയായ ആർസൂ മസിയെന്ന ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ അസ്ഹർ അലി എന്ന പ്രതിയുടെ വാദങ്ങൾ മാത്രം കേട്ടു ഇദ്ദേഹത്തിനൊപ്പം ജീവിക്കാൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് പെൺകുട്ടി അസ്ഹർ അലിയെ വിവാഹം ചെയ്തിരിക്കുന്നതെന്ന യുക്തിരഹിത വാദം അംഗീകരിച്ചുകൊണ്ടാണ് സിന്ധ് ഹൈക്കോടതി പെൺകുട്ടിയെ വിവാഹിതനും മധ്യവയ്സ്കനുമായ മുസ്ലീമിനൊപ്പം പ്രതിയ്ക്കൊപ്പം പോയി ജീവിക്കുവാൻ ഉത്തരവായിരിക്കുന്നത്. ആർസൂ ഫാത്തിമയെന്നാണ് ആർസൂവിന് നൽകപ്പെട്ടിരിക്കുന്ന മുസ്ലീം നാമം. അസ്ഹർ അലിക്കെതിരേയും കുടുംബത്തിനെതിരേയും യാതൊരുവിധ നിയമ നടപടികളും പാടില്ലെന്നും കോടതി വിധിയിൽ പറയുന്നുണ്ട്.
ഇക്കഴിഞ്ഞ ഒക്ടോബർ 13നാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആർസൂവിനെ അലി അസ്ഹർ തട്ടിക്കൊണ്ടുപോയത്. ആർസൂവിന്റെ മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടെങ്കിലും, ആർസുവിന് 18 വയസ്സ് തികഞ്ഞെന്നും, അവൾ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്തുവെന്നും, സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹമെന്നും പ്രഖ്യാപിക്കുന്ന വിവാഹ സർട്ടിഫിക്കറ്റ് ഭർത്താവ് ഹാജരാക്കിയിട്ടുണ്ടെന്ന മറുപടിയായിരുന്നു രണ്ടു ദിവസങ്ങൾക്ക് ശേഷം അധികാരികളിൽ നിന്ന് ലഭിച്ചത്. പാക്ക് ക്രൈസ്തവർ മതത്തിന്റെ പേരിൽ പോലീസ് സ്റ്റേഷനുകളിൽ നേരിടുന്ന വിവേചനത്തിന് ഒടുവിലത്തെ ഉദാഹരണമായാണ് ഇതിനെ മനുഷ്യാവകാശ പ്രവർത്തകർ നോക്കികാണുന്നത്.
നിരവധി മുസ്ലീം സ്ത്രീകളുടേയും പുരുഷൻമാരുടേയും അകമ്പടിയോടെ ഭീകരാന്തരീക്ഷത്തിലാണ് പെൺകുട്ടിയെ കോടതിയിൽ കൊണ്ടുവന്നതെന്നും, തന്റെ അമ്മക്കരികിലേക്ക് ഓടാൻ തുനിഞ്ഞ ആർസൂവിനെ അലി അസ്ഹർ ബലമായി പിടിച്ചുനിറുത്തുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. അലി അസ്ഹർ ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ൻ ആരോപിച്ച ആർസൂവിന്റെ പിതാവ്, അലി അസ്ഹറിന്റെ രണ്ടു സഹോദരങ്ങൾ സിന്ധ് പോലീസിലാണ് ജോലി ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. കോടതിയിൽ സമർപ്പിച്ചിട്ടുള്ള ആർസൂവിന് പ്രായപൂർത്തിയായിട്ടില്ലെന്ൻ തെളിയിക്കുന്ന യഥാർത്ഥ രേഖകൾ പരിശോധിക്കുവാൻ പോലും ജഡ്ജി കൂട്ടാക്കിയില്ലെന്ന ആരോപണവും ദൃക്സാക്ഷികൾ ഉയർത്തുന്നുണ്ട്. സിന്ധ് ഹൈകോടതിയുടെ പക്ഷപാതപരമായ വിധിക്കെതിരെ പ്രതിഷേധം ഉയർന്നു കഴിഞ്ഞു.