യൂദാ 1’: സുവിശേഷ പ്രഘോഷകർക്കായി ലോകത്തെ ആദ്യത്തെ ക്രിസ്ത്യൻ വിമാന സർവ്വീസ് ഒരുങ്ങുന്നു
ലൂയിസിയാന: യേശു ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുവാൻ ആഗ്രഹിക്കുന്ന സുവിശേഷകരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സന്നദ്ധ പ്രേഷിത കൂട്ടായ്മ ലോകത്തെ ആദ്യത്തെ ക്രിസ്ത്യൻ വിമാന സർവ്വീസ് ആരംഭിക്കുന്നു. ‘യൂദാ 1’ എന്ൻ പേരിട്ടിരിക്കുന്ന വിമാന സർവ്വീസ് അടുത്ത വർഷം തുടങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം. ലൂയിസിയാനയിലെ ഷ്രെവ്പോർട്ട് കേന്ദ്രമാക്കിയാണ് സർവ്വീസ് നടത്തുക. സ്വകാര്യ വിമാന സർവ്വീസ് എന്ന നിലയിൽ എയർലൈൻസ് ഇതിനോടകം തന്നെ ഒരു സംഘം മിഷ്ണറിമാരെ ദുരന്ത ബാധിത മേഖലകളിലേക്കും മിഷൻ കേന്ദ്രങ്ങളിലേക്കും എത്തിച്ചിട്ടുണ്ട്.
അടുത്ത വർഷത്തോടെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ സർട്ടിഫിക്കറ്റ് കിട്ടുമെന്നും, ഇതോടെ ഒരു സ്വകാര്യ വിമാന സർവ്വീസ് എന്ന നിലയിൽ നിന്ന് മാറി ‘ഡെൽറ്റാ’ പോലെയുള്ള സാധാരണ വിമാന സർവ്വീസായി യൂദാ1 മാറുമെന്നും സർവ്വീസിന്റെ പ്രസിഡന്റും സി.ഇ.ഒ യുമായ എവറെറ്റ് ആരോൺ ‘ക്രിസ്റ്റ്യൻ പോസ്റ്റ്’നു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇപ്പോൾ ചെറിയ വിമാനങ്ങൾവെച്ച് സർവ്വീസ് നടത്തുന്ന യൂദാ 1 അടുത്ത വർഷത്തോടെ വലിയ വിമാനങ്ങൾ വാങ്ങുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 238 പേർക്ക് ഇരിക്കാവുന്ന ബോയിംഗ് 767-200 ഇ.ആർ വിമാനം തങ്ങളുടെ വിമാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ടെന്നും അടുത്ത വർഷം അവസാനത്തോടെ മൂന്നോ നാലോ വലിയ വിമാനങ്ങൾ വാങ്ങുവാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും ആരോൺ പറഞ്ഞു.