അമേരിക്കയിലെ ക്രിസ്ത്യൻ ദേവാലയങ്ങൾക്കു 93 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം

0

കാലിഫോർണിയ: അമേരിക്കയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങൾക്കും സഭാസംഘടനകൾക്കും ഇന്ത്യാന ആസ്ഥാനമായുള്ള ‘ദി ലില്ലി എൻഡോവ്മെന്റ്’ന്റെ 93 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം. കത്തോലിക്ക, ഓർത്തഡോക്സ്, പ്രിസ്ബൈറ്റേറിയൻ, റിഫോംഡ്, അനബാപ്റ്റിസ്റ്റ്, ലൂഥറൻ, മെത്തഡിസ്റ്റ്, മെന്നോനൈറ്റ് തുടങ്ങിയ വിവിധ ക്രിസ്ത്യൻ സഭകളുടെ കീഴിലുള്ള ദേവാലയങ്ങൾ, തിയോളജി സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ, മറ്റ് വിശ്വാസാധിഷ്ടിത സംഘടനകൾക്കും സാമ്പത്തിക സഹായം ലഭിക്കും. ഓസ്റ്റിൻ പ്രിസ്ബൈറ്റേറിയൻ തിയോളജിക്കൽ സെമിനാരി, അമേരിക്കയിലെ ഇവാഞ്ചലിക്കൽ ലൂഥറൻ സഭ, ഫുള്ളർ തിയോളജിക്കൽ സെമിനാരി തുടങ്ങിയ വിവിധ സഭാസ്ഥാപനങ്ങൾ ധനസഹായത്തിനു അർഹരായവരിൽ ഉൾപ്പെടുന്നു.

ഇതിനുപുറമേ, ഡ്യൂക്ക് സർവ്വകലാശാലയുടെ അടുത്ത 5 വർഷത്തെ ലോജിസ്റ്റിക്, അനാലിറ്റിക്കൽ പദ്ധതികൾക്കായി 37.9 ലക്ഷം ഡോളറാണ് ലഭിക്കുക. ഇന്ത്യാനയിലെ ഇന്ത്യാനപോളിസ് ആസ്ഥാനമായി 1937-ൽ സ്ഥാപിതമായ സന്നദ്ധ സംഘടനയാണ് ‘ദി ലില്ലി എൻഡോവ്മെന്റ്’. ‘എലി ലില്ലി ആൻഡ്‌ കമ്പനി’യുടെ ഗിഫ്റ്റ്സ് സ്റ്റോക്ക് വഴിയാണ് സംഘടന പ്രവർത്തിക്കുന്നത്. മത, വിദ്യാഭ്യാസ, സാമുദായിക വികസനമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യം. ദൈവ വിശ്വാസപരമായ കാര്യങ്ങൾക്ക് ദേശവ്യാപകമായി സഹായങ്ങൾ ചെയ്യുന്നുണ്ടെങ്കിലും, തങ്ങളുടെ സാമ്പത്തിക സഹായത്തിന്റെ ഭൂരിഭാഗവും ഇന്ത്യാനപോളിസിലാണ് സംഘടന ചെലവഴിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ പരസ്പര ബന്ധത്തിനും, ശാക്തീകരണത്തിനും ധനസഹായം സഹായകരമാവുമെന്നാണ് ലില്ലി എൻഡോവ്മെന്റിന്റെ പ്രതീക്ഷ.

You might also like