മതപീഡനത്തിനായി സാങ്കേതിക വിദ്യയുടെ ദുരുപയോഗം: ചൈനയ്ക്കെതിരെ അമേരിക്ക

0

വാഷിംഗ്‌ടൺ ഡി.സി: മതപീഡനത്തിനായി സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവുമായി ചൈനയുടെ നടപടിയ്ക്കെതിരെ അമേരിക്ക രംഗത്ത്. ‘2020 മിനിസ്റ്റീരിയൽ ടു അഡ്വാൻസ് ഫ്രീഡം ഓഫ് റിലീജിയൻ ഓർ ബിലീഫ്’ വിർച്വൽ കോൺഫറൻസുമായി ബന്ധപ്പെട്ട് നവംബർ 17ന് നടത്തിയ പത്രസമ്മേളനത്തിലാണ് യുഎസ് ഇന്റർനാഷ്ണൽ റിലീജിയസ് ഫ്രീഡം അംബാസിഡർ സാം ബ്രൌൺബാക്ക് ചൈനയ്ക്കെതിരെ ശക്തമായ ആരോപണം ഉന്നയിച്ചത്. മതവിശ്വാസങ്ങളെ അടിച്ചമർത്തുന്നതിനായി ചൈന സാങ്കേതിക വിദ്യയുടെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് അമേരിക്ക അന്വേഷിക്കുമെന്നും ബ്രൌൺബാക്ക് പറഞ്ഞു.

ന്യൂനപക്ഷങ്ങളായ ഉയിഗുർ മുസ്ലീങ്ങൾ അടക്കമുള്ളവരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും മുൻകൂട്ടി അറിയുന്നതിനും ചൈന ഒരു ‘വിർച്വൽ പോലീസ് സ്റ്റേറ്റ്’ തന്നെ നിർമ്മിച്ചിരിക്കുകയാണെന്നു ബ്രൌൺബാക്ക് പറയുന്നു. ഇസ്ലാം ആധിപത്യ മേഖലയായ ഷിൻജിയാങ്ങിൽ നിർമ്മിതി ബുദ്ധി, ഫേഷ്യൽ റെക്കഗ്നിഷൻ പോലെയുള്ള അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ബ്രൌൺബാക്ക് പറഞ്ഞു. ഏതാണ്ട് പത്തുലക്ഷത്തിലധികം മുസ്ലീംങ്ങൾ തടങ്കൽപ്പാളയങ്ങളിൽ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുദ്ധമതക്കാർ, ഉയിഗുർ മുസ്ലീങ്ങൾ, ക്രൈസ്തവർ അടക്കമുള്ള ഇതര മത വിശ്വാസികൾ തുടങ്ങിയവരെ അടിച്ചമർത്തുവാൻ ചൈന വിർച്വൽ പോലീസ് സ്റ്റേറ്റ് സ്ഥാപിക്കുന്നത് തടയുന്നത് വരും വർഷങ്ങളിൽ അമേരിക്കയുടെ പ്രധാന മുൻഗണനകളിലൊന്നായിരിക്കുമെന്നും ബ്രൌൺബാക്ക് പറഞ്ഞു.

ഭരണമാറ്റം അമേരിക്കയുടെ മതസ്വാതന്ത്യ നയത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യം എന്നത് നിഷ്പക്ഷമായ കാര്യമാണെന്നും അതിനാൽ ഇതിൽ മാറ്റം വരില്ലെന്ന ശുഭാപ്തി വിശ്വാസമാണ് തനിക്കുള്ളതെന്നായിരുന്നു ബ്രൌൺബാക്കിന്റെ മറുപടി. ബ്രൌൺബാക്കിനു പുറമേ, അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെ പിന്തുണച്ചുകൊണ്ട് വത്തിക്കാനിലെ അമേരിക്കൻ അംബാസഡർ കാല്ലിസ്റ്റ ജിൻഗ്രിച്ച് രംഗത്ത് വന്നിരുന്നു. മതസ്വാതന്ത്ര്യം എന്നത് വെറുമൊരു ധാർമ്മിക ആവശ്യം മാത്രമല്ലെന്നും, രാഷ്ട്രത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന പ്രശ്നമാണെന്നുമായിരുന്നു ഇക്കഴിഞ്ഞ നവംബർ 16ന് ജിൻഗ്രിച്ച് പറഞ്ഞത്. ഇന്റർനാഷ്ണൽ റിലീജിയസ് ഫ്രീഡം ഓർ ബിലീഫ് അലയൻസിൽ 32 രാഷ്ട്രങ്ങളാണുള്ളത്. നവംബർ 16-17 തീയതികളിലായി പോളണ്ട് സംഘടിപ്പിച്ച വിർച്വൽ കോൺഫറൻസ് അലയൻസിന്റെ മൂന്നാമത്തെ വാർഷിക കോൺഫറൻസായിരുന്നു.

You might also like