പീഡിത ക്രൈസ്തവർക്ക് ഐക്യദാർഢ്യം ആവർത്തിച്ച് ഹംഗേറിയൻ ഭരണകൂടം: കെട്ടിടങ്ങൾ രക്തവർണ്ണമണിഞ്ഞു
ബുഡാപെസ്റ്റ്: ക്രൈസ്തവർ നേരിടുന്ന മതപീഡനത്തിലേക്ക് ആഗോള ശ്രദ്ധയാകർഷിച്ചുകൊണ്ട് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചർച്ച് ഇൻ നീഡ് (എ.സി.എൻ) ആരംഭം കുറിച്ച ‘ചുവപ്പ് ബുധൻ’ ആചരണത്തിന് പൂർണ്ണ പിന്തുണ നൽകി ഹംഗേറിയൻ ഭരണകൂടം. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ പ്രസിദ്ധ സ്മാരകങ്ങളും കെട്ടിടങ്ങളും ചുവപ്പണിഞ്ഞു.ബുഡാപെസ്റ്റിലെ പ്രശസ്തമായ എലിസബത്ത് ബ്രിഡ്‌ജ് ഉൾപ്പെടെയുള്ള പ്രസിദ്ധ നിർമ്മിതികൾ ചുവപ്പ് കളറിൽ അലങ്കരിച്ചുവെന്നത് ശ്രദ്ധേയമാണ്.
ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ ലോകമെമ്പാടുമായി ദിനം പ്രതി കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഇക്കാര്യം ലോകശ്രദ്ധയിൽ കൊണ്ടുവരികയുമാണ് ‘ചുവപ്പ് ബുധൻ’ ആചരണത്തിന്റെ പിന്നിലെ ലക്ഷ്യമെന്ന് പീഡിത ക്രൈസ്തവരെ സഹായിക്കുന്നതിനായുള്ള ഹംഗേറിയൻ സ്റ്റേറ്റ് സെക്രട്ടറി അസ്ബേജ് ട്രിസ്റ്റാൻ സ്മരിച്ചു.
എലിസബത്ത് ബ്രിഡ്‌ജിനു പുറമേ, സെന്റ് ഗെല്ലെർട്ടിന്റെ പ്രതിമ, ബ്ലസ്ഡ് വിർജിൻ മേരി ദേവാലയം, മദർ ഓഫ് ഗോഡ് ഓർത്തഡോക്സ് കത്തീഡ്രൽ, സിലാഗി ഡെസ്സോ സ്ക്വയറിലെ റിഫോംഡ് ദേവാലയം, ബുഡവറിലെ ലൂഥറൻ ചർച്ച് തുടങ്ങിയ പ്രധാന നിർമ്മിതികളും സർക്കാർ കെട്ടിടങ്ങളും ഇക്കഴിഞ്ഞ ബുധനാഴ്ച ക്രിസ്ത്യൻ രക്തസാക്ഷിത്വത്തിന്റെ പ്രതീകമായ രക്തവർണ്ണമണിഞ്ഞു. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ ഓരോ വർഷവും ഏതാണ്ട് മൂവായിരത്തിലധികം ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നുണ്ടെന്ന കാര്യം അസ്ബേജ് ചൂണ്ടിക്കാട്ടി.