ട്രെയിന്‍ യാത്രയ്ക്ക് ഇന്ത്യയിൽ ഇത്രയും ചെലവ് കുറവോ? ഈ രീതിയില്‍ ടിക്കറ്റെടുത്താല്‍ പണം ലാഭിക്കാം

0

മുന്നിലുള്ളത് അവധികാലമാണ്. ദീർഘകാല യാത്രകൾ ലക്ഷ്യമിടുന്നവർ ഈ സമയത്ത് ട്രെയിൻ ടിക്കറ്റുകളെ ആശ്രയിക്കുന്നത് പതിവാണ്. അവധിക്കൊപ്പം ചൂടും കൂടി വരുന്നതിനാൽ എസി കോച്ചുകളാകും കുടുംബവുമായുള്ള യാത്രയ്ക്ക് പലരും തിരഞ്ഞെടുക്കുന്നത്. ഉയർന്ന നിരക്ക് കണ്ട് കണ്ണുതള്ളി നിൽക്കുന്നവരാണെങ്കിൽ ഇന്ത്യൻ റെയിൽവെ അനുവദിക്കുന്ന കുറഞ്ഞ ചെലവിലുള്ള ടിക്കറ്റ് സംവിധാനമായ ‘സെർക്കുലർ യാത്ര’ യെ പറ്റി അറിയണം.

ട്രെയിൻ ടിക്കറ്റ് ഉപയോഗിച്ച് സാധാരണയായി രണ്ട് സ്റ്റേഷനുകൾക്കിടയിൽ യാത്ര ചെയ്യാൻ അനുവദിക്കുമെങ്കിലും എട്ട് വ്യത്യസ്ത സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്ത ട്രെയിനുകളിൽ ഒരു ടിക്കറ്റിൽ കയറാൻ സാധിക്കുമോ. ഇതിന് സാധിക്കുന്ന ടിക്കറ്റാണ് സർക്കുലർ യാത്ര ടിക്കറ്റ്. തീർത്ഥാടനം, വിനോദ യാത്ര, ജോലിയുമായി ബന്ധപ്പെട്ട യാത്ര എന്നിങ്ങനെ യാത്ര ആരംഭിച്ച സ്ഥലത്ത് തന്നെ അവസാനിപ്പിക്കുന്ന യാത്രകൾക്കാണ് സർക്കുലർ യാത്ര ടിക്കറ്റ് ലഭിക്കുക. ഒരേ സ്റ്റേഷനിൽ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന യാത്രകൾക്കാണ് ടിക്കറ്റ് അനുവദിക്കുക.

ഉദാഹരണത്തിന് നോർത്തേൺ റെയിൽവേയിൽ നിന്ന് ന്യൂഡൽഹിയിൽ നിന്ന് കന്യാകുമാരിയിലേക്ക് സർക്കുലർ യാത്രാ ടിക്കറ്റ് എടുത്തനെന്ന് കണക്കാക്കാം. ന്യൂഡൽഹിയിൽ നിന്ന് ആരംഭിച്ച് ന്യൂഡൽഹിയിൽ അവസാനിക്കുന്ന രീതിയിലായിരിക്കും സെർക്കുലർ യാത്ര ടിക്കറ്റ്. മഥുര വഴി മുംബൈ സെൻട്രൽ – മർമാഗോവ – ബാംഗ്ലൂർ സിറ്റി – മൈസൂർ – ബാംഗ്ലൂർ സിറ്റി – ഉദഗമണ്ഡലം – തിരുവനന്തപുരം സെൻട്രൽ വഴി കന്യാകുമാരിയിലെത്തി ഈ റൂട്ട് വഴി ന്യൂഡൽഹിയിലേക്ക് മടങ്ങും. 7,550 കിലോമീറ്ററുള്ള ഈ യാത്രയ്ക്കായുള്ള സർക്കുലർ ടിക്കറ്റിന് 56 ദിവസത്തേക്ക് സാധുതയുണ്ട്.

സാധാരണയായി 7 മുതൽ 90 ദിവസം വരെയുള്ള സമയ പരിധിയിലേക്കാണ് ടിക്കറ്റുകൾ അനുവദിക്കാറുള്ളത്. ഒന്നിലധികം ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് പകരം 8 സ്റ്റോപ്പേജ് പോയിന്റുകളുള്ള സർക്കുലർ യാത്ര ബുക്ക് ചെയ്യാം. ടിക്കറ്റുകളിൽ പരമാവധി എട്ട് ഇടവേള യാത്രകൾ അനുവദിക്കും. എല്ലാ ക്ലാസുകളിലും ഈ സൗകര്യം ലഭ്യമാണ്.

സാധാരണ യാത്ര ടിക്കറ്റുകളേക്കാൾ ഇളവ് ലഭിക്കും എന്നത് സർക്കുലർ യാത്ര ടിക്കറ്റുകളുടെ നേട്ടമാണ്. യാത്രയുടെ ഓരോ ഇടവേളയിലും വെവ്വേറെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിലെ ബുദ്ധിമുട്ടും സമയം കളയലും ഒഴിവാക്കാന്‍ സാധിക്കും. മെയില്‍ എക്‌സ്പ്രസ് ടിക്കറ്റുകളുടെ വില അടിസ്ഥാനമാക്കിയാണ് സര്‍ക്കുലര്‍ യാത്ര ടിക്കറ്റ് നിരക്ക് കണക്കാക്കുക. 1000 കിലോ മീറ്റര്‍ യാത്ര ചെയ്യുകയാണെങ്കില്‍ സര്‍ക്കുലര്‍ യാത്ര ടിക്കറ്റില്‍ മുതിര്‍ന്ന പൗരന്മാരായ പുരുഷ യാത്രക്കാര്‍ക്ക് 40 ശതമാനവും മുതിര്‍ന്ന പൗരന്മാരായ സ്ത്രീ യാത്രക്കാര്‍ക്ക് 50 ശതമാനവും ഇളവ് ലഭിക്കും.

യാത്ര തീരുമാനിച്ച് കഴിഞ്ഞാൽ യാത്രക്കാരന് അതാത് ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർമാരെയോ യാത്ര ആരംഭിക്കുന്ന പ്രധാന സ്‌റ്റേഷനുകളിലെ സ്‌റ്റേഷൻ മാനേജർമാരെയോ സമീപിക്കാം. ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ അല്ലെങ്കിൽ സ്റ്റേഷൻ അധികാരികൾ യാത്രാ വിവരണത്തെ അടിസ്ഥാനമാക്കി ടിക്കറ്റിന്റെ വില കണക്കാക്കും. നിർദ്ദിഷ്ട ഫോർമാറ്റിൽ ബന്ധപ്പെട്ട സ്റ്റേഷൻ മാനേജരെ വിവരം അറിയിക്കും. യാത്ര ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സ്റ്റേഷന്റെ ബുക്കിംഗ് ഓഫീസിൽ ഈ ഫോം സമർപ്പിച്ച് സർക്കുലർ യാത്രാ ടിക്കറ്റുകൾ വാങ്ങാം.

You might also like