മതപരിവർത്തനത്തിന് വിസമ്മതിച്ച ക്രിസ്ത്യൻ സഹോദരികളെ പാക്കിസ്ഥാനിൽ പീഡിപ്പിച്ച് കൊലപ്പെടുത്തി

0

ലാഹോർ: ലാഹോറിലെ ഗാർമെന്റ് ഫാക്ടറിയിൽ ജോലിചെയ്തിരുന്ന സഹോദരിമാരായ രണ്ട് ക്രിസ്ത്യൻ യുവതികളെ മതപരിവർത്തനത്തിന് വിസമ്മതിച്ചതിന്റെ പേരിൽ ഫാക്ടറിയുടെ ഉടമയും സഹായിയും പീഡിപ്പിച്ച് കൊലപ്പെടുത്തി. ലാഹോറിലെ മഖൻ കോളനി നിവാസികളും സഹോദരിമാരുമായ ഇരുപത്തിയെട്ടുകാരിയായ സാജിദയും, ഇരുപത്തിയാറുകാരിയായ ആബിദയുമാണ് ഫാക്ടറി ഉടമസ്ഥനായ മൊഹമ്മദ്‌ നയീം ബട്ടിന്റേയും, സൂപ്പർവൈസറായ മൊഹമ്മദ് ഇംതിയാസിന്റേയും മതഭ്രാന്തിനും ക്രൂരതയ്ക്കും ഇരയായത്. ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യാൻ വിസമ്മതിച്ചതാണ് നിഷ്കളങ്കരായ യുവതികളെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തുവാനുള്ള കാരണമായി നിരീക്ഷിക്കപ്പെടുന്നത്.


ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യുവാൻ നയീം ബട്ട് തങ്ങളെ നിർബന്ധിച്ചിരുന്നതായി വിവാഹിതരായ ഈ സഹോദരിമാർ പലപ്പോഴും പരാതിപ്പെട്ടിട്ടുണ്ടെന്ന് ക്രൈസ്തവ പീഡനങ്ങളെ നിരീക്ഷിക്കുന്ന പീസ് വേൾഡ് വൈഡ് റിപ്പോർട്ട് ചെയ്യുന്നു. ഇംതിയാസിന്റെ ഇതേ ആവശ്യം ഇരുവരും നേരത്തെ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ നയീമിന്റെ ആവശ്യം തള്ളിക്കളഞ്ഞതിന് ശേഷമാണ് പ്രതികൾ യുവതികളെ ഭീഷണിപ്പെടുത്തുവാൻ തുടങ്ങിയത്. ഇക്കഴിഞ്ഞ നവംബർ 26നു ഈ സഹോദരിമാരെ വീട്ടുകാർ അവസാനമായി കണ്ടത്. ഇവരെ കണ്ടെത്തുവാൻ ഭർത്താക്കൻമാർ നടത്തിയ ശ്രമങ്ങളും പോലീസിൽ നൽകിയ പരാതിയും വെറുതേയായി. പിന്നീട് ഡിസംബർ 14നും, ജനുവരി 4നുമായി ഇരുവരുടേയും മൃതദേഹങ്ങൾ മലിനജല ഓടയിൽ നിന്നും കണ്ടെത്തുകയായിരുന്നു. പ്രതികൾ അറസ്റ്റിലാകുകയും നയീം ബട്ട് കുറ്റം സമ്മതിച്ചുവെന്നും ദേശീയ മാധ്യമമായ ‘ട്രൈബ്യൂൺ’ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ കൊല്ലപ്പെട്ട യുവതികൾ നിർധനരായ ക്രിസ്ത്യൻ കുടുംബത്തിൽ നിന്നും പ്രതികളായവർ ധനിക മുസ്ലീം കുടുംബങ്ങളിൽ നിന്നുമുള്ളവരായതു കൊണ്ട് പ്രതികൾ അനായാസം കുറ്റവിമുക്തരായി പുറത്തുവരുമെന്ന ആശങ്കയിലാണ് ക്രിസ്ത്യൻ സമൂഹം. ക്രൈസ്തവർക്കെതിരെ ആസൂത്രിതമായൊരു വംശഹത്യ പാക്കിസ്ഥാനിൽ നടക്കുന്നുണ്ടെന്ൻ ‘പീസ്‌ വേൾഡ് വൈഡ്’ സന്നദ്ധ സംഘടനയുടെ ചെയർമാനായ ഹെക്ടർ അലീം നേരത്തേ വെളിപ്പെടുത്തിയിരിന്നു. ഇതിന്റെ പേരിൽ രാജ്യത്തെ അപകീർത്തിപ്പെടുത്തി എന്ന ആരോപണം തനിക്കെതിരെ ഉയർന്നിരിക്കുകയാണെന്ൻ അദ്ദേഹം പറഞ്ഞു. രാജ്യത്തെ ക്രൈസ്തവർക്കായി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

You might also like