പ്രധാന വാർത്തകൾ

0

🧑🏻‍💻ക്രിസ്ത്യൻ എക്സ്പ്രസ്സ് ന്യൂസ് 👩🏻‍💻2021 ജനുവരി 9 | 1196 | ധനു 25 | ശനി

🔳പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ എട്ടാംവട്ട ചർച്ചയും പരാജയം. ജനുവരി 15 ന് വീണ്ടും ചർച്ച നടത്തുമെന്ന് സർക്കാർ വ്യക്തമാക്കി. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാട് എട്ടാംവട്ട ചർച്ചയിലും കർഷക സംഘടനകൾ ആവർത്തിച്ചു. ഘർ വാപ്പസി (വീട്ടിലേക്കുള്ള മടക്കം) ലോ വാപ്പസി (നിയമങ്ങൾ പിൻവലിച്ചതിന്) ക്ക് ശേഷം മാത്രമായിരിക്കുമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. എന്നാൽ മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ തള്ളി.

🔳നിയമം പിൻവലിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാകാതെ സംസാരിക്കില്ലെന്ന് വ്യക്തമാക്കി കർഷകർ ചർച്ചയിൽ മൗനവ്രതം പാലിച്ചു. നിയമം പിൻവലിച്ചാൽ മാത്രം തിരിച്ചു പോകുമെന്ന പ്ലക്കാർഡുകളടക്കം ഉയർത്തിയാണ് ചർച്ചയ്ക്കെത്തിയ കർഷക നേതാക്കൾ പ്രതിഷേധിച്ചത്. ജനുവരി 15ന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കണമോ എന്ന കാര്യം പതിനൊന്നിന് നടക്കുന്ന കർഷകരുടെ യോഗത്തിൽ തീരുമാനിക്കുമെന്ന് കിസാൻ സഭ നേതാവ് ഹനൻ മൊല്ല.

🔳കോവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് ഓൺലൈനായിട്ടാണ് ചർച്ച.

🔳കേന്ദ്ര ഏജൻസികളുടെ നീക്കത്തിൽ സ്പീക്കറെ പ്രതിരോധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകമാണ് അന്വേഷണ ഏജൻസികൾ നടത്തുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. സംസ്ഥാനത്ത് സമാന്തര ഭരണം സ്ഥാപിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതായും വിജയരാഘവൻ ആരോപിച്ചു.

🔳സി.എ.ജി. റിപ്പോർട്ട് ചോർത്തിയെന്ന പരാതിയിൽ ധനമന്ത്രി തോമസ് ഐസക്കിന് നിയമസഭാസമിതിയുടെ ക്ലീൻ ചിറ്റ് എന്ന് സൂചന. തോമസ് ഐസക്ക് നിയമലംഘനം നടത്തിയിട്ടില്ലെന്നാണ് നിയമസഭാസമിതിയുടെ പ്രാഥമിക വിലയിരുത്തൽ. അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ സമിതി ബുധനാഴ്ച വീണ്ടും യോഗം ചേരും.

🔳നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ഒമ്പത് മണിക്കൂറിലധികം ചോദ്യംചെയ്തശേഷം വിട്ടയച്ചു. ഏഴ് മണിക്കുശേഷം ചോദ്യംചെയ്യൽ പൂർത്തിയായതിനെ തുടർന്ന് അയ്യപ്പനെ കസ്റ്റംസിന്റെ വാഹനത്തിലാണ് പുറത്തേക്ക് കൊണ്ടുപോയത്.

🔳നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാൽ ജാമ്യം എടുക്കാതെ എങ്ങനെ ജയിൽ മോചിതനായെന്ന് വിചാരണ കോടതി. സംഭവത്തിൽ അപൂർണമായ റിപ്പോർട്ട് നൽകിയ വിയ്യൂർ ജയിൽ സൂപ്രണ്ടിനെ കോടതി വിളിച്ചുവരുത്തി ശകാരിച്ചു.

🔳വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് കാലതാമസം ഉണ്ടായിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി. സുധാകരൻ. പാലാരിവട്ടം ആവർത്തിക്കാനുള്ള ശ്രമമാണ് മേൽപ്പാലം അനധികൃതമായി തുറന്നുകൊടുത്തതിലൂടെ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

🔳കേരളത്തിൽ ഇന്നലെ 59,569 സാമ്പിളുകൾ പരിശോധിച്ചതിൽ 5142 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3257 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 88 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4563 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 424 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 67 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5325 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,236 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങൾ : എറണാകുളം 708, തൃശൂർ 500, കോഴിക്കോട് 469, കോട്ടയം 462, പത്തനംതിട്ട 433, മലപ്പുറം 419, കൊല്ലം 377, ആലപ്പുഴ 341, തിരുവനന്തപുരം 313, ഇടുക്കി 301, പാലക്കാട് 267, കണ്ണൂർ 249, വയനാട് 238, കാസർകോട് 65.

🔳സംസ്ഥാനത്ത് ഇന്നലെ 3 പുതിയ ഹോട്ട് സ്‌പോട്ടുകൾ. ഇന്നലെ 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ നിലവിൽ ആകെ 440 ഹോട്ട് സ്‌പോട്ടുകൾ.

🔳കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിരുന്ന സംസ്ഥാനത്തെ സ്പാകളും ആയുർവേദ റിസോർട്ടുകളും തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുമതി. കോവിഡ് നിയന്ത്രണ ചട്ടങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കണം ഇത്തരം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കേണ്ടതെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

You might also like