ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിയായ മോഹൻ നായകിനു ജാമ്യം

0

ബംഗളൂരു: എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിയായ മോഹൻ നായകിനു ജാമ്യം. കർണാടക ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യത്തെയാൾ കൂടിയാണ് നായക്.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ കോടതിയിലെത്തിയ 23 സാക്ഷികളിൽ ഒരാൾ പോലും സംഭവവുമായി മോഹൻ നായകിനു നേരിട്ടു ബന്ധമുള്ളതായി ചൂണ്ടിക്കാട്ടിയില്ലെന്ന് വിധിയിൽ ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടി പറഞ്ഞു. ബംഗളൂരുവിന്റെ പ്രാന്തപ്രദേശമായ കുംബളഗോഡുവിൽ നായക് ഒരു വീട് വാടകയെക്കെടുത്തതിനെ കുറിച്ചുള്ള വിവരങ്ങളാണു മിക്ക സാക്ഷികളും പറഞ്ഞതെന്നും കോടതി സൂചിപ്പിച്ചു. എന്നാൽ, യഥാർത്ഥ പ്രതികൾക്ക് അഭയമൊരുക്കിയയാളാണ് മോഹൻ നായകെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ, കേസിലെ കുറ്റസമ്മതമൊഴികളും കോടതി ചോദ്യംചെയ്തു. കർണാടക കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈംസ് ആക്ടിന്(കോക്ക) അംഗീകാരം ലഭിക്കുംമുൻപാണ് കുറ്റസമ്മത മൊഴികൾ രേഖപ്പെടുത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് കോക്കയിലെ 19-ാം വകുപ്പ് ഇവയ്ക്കു ബാധകമല്ല. ഇനി കോക്കയിലെ കുറ്റങ്ങൾ ശരിയാണെന്നു തെളിയിക്കപ്പെട്ടാലും ഇവർ ചെയ്തതിനു വധശിക്ഷയോ ജീവപര്യന്തമോ നൽകാവുന്നതല്ല. പരമാവധി അഞ്ചു വർഷത്തെ തടവുശിക്ഷയേ നൽകാനാകൂവെന്നും കോടതി വ്യക്തമാക്കി.

You might also like