‘മാര്‍പ്പാപ്പയുടെ തീരുമാനം അനുസരിക്കണം, ഏകീകൃത കുര്‍ബാനയില്‍ വിട്ടുവീഴ്ചയില്ല’, ബിഷപ് ബോസ്കോ പുത്തൂര്‍
കൊച്ചി:ഏകീകൃത കുർബാനയിൽ വിട്ടുവീഴ്ചയില്ലെന്നും മാര്‍പ്പാപ്പയുടെ തീരുമാനം അനുസരിക്കണമെന്നും എറണാകുളം -അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്ട്രേറ്റര്‍ ബിഷപ് ബോസ്കോ പുത്തൂർ പറഞ്ഞു. മാര്‍പ്പാപ്പയുടെ തീരുമാനത്തിന് എതിരായി മറിച്ചൊരു തീരുമാനം എടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ക്രിസ്തുമസിന് ഏകീകൃത കുർബാന നടക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിഷപ് ബോസ്കോ പുത്തൂര്‍ പറഞ്ഞു. ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാമെന്ന് പറയാറുണ്ടല്ലോ. അതിനാല്‍ തന്നെ ഒരുമയോടെ മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത്. ഏറ്റുമുട്ടലിനില്ല, ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കും. പോസ്റ്റീവ് ആയ അന്തരീക്ഷം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സഭ ഏൽപ്പിച്ച ചുമതല നിർവ്വഹിക്കും. ബസലിക്ക പള്ളി തുറക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. മൈനർ സെമിനാരി അടഞ്ഞു കിടക്കുന്നത് ഖേദകരമായ കാര്യമാണെന്നും പേപ്പൽ പ്രതിനിധി സിറിൽ വാസിൽ കൊച്ചിയിൽ എത്തുമെന്നും ബിഷപ് പറഞ്ഞു. ആരാധനാ വിഷയത്തിൽ അദ്ദേഹവുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കും. മൈനർ സെമിനാരി തുറക്കാനും നടപടി ഉണ്ടാകും. എറണാകുളം അങ്കമാലി അതിരൂപത ഹൈരാർക്കി സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നും തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ബിഷപ് ബോസ്കോ പുത്തൂര്‍ പറഞ്ഞു.