പാകിസ്ഥാനിലെ പോലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം; 10 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

0

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ദ്രാബന്‍ മേഖലയിലുള്ള പോലീസ് സ്റ്റേഷന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 10 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് പോലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായത്. രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ വ്യാപകമായ രീതിയില്‍ അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

ദേര ഇസ്മായില്‍ ഖാന്‍ ജില്ലയിലെ ചൗധ്വാന്‍ പോലീസ് സ്റ്റേഷനിലാണ് ആക്രമണം നടന്നത്. പ്രാദേശികസമയം മൂന്ന് മണിയോടെയാണ് തീവ്രവാദികള്‍ സ്റ്റേഷനിലേക്ക് ഇരച്ചെത്തിയ ശേഷം വെടിവയ്പ്പ് നടത്തിയത്. സ്റ്റേഷനിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍മാരെയാണ് ഭീകരര്‍ വെടിവച്ച് വീഴ്ത്തിയത്. പിന്നാലെ അക്രമികള്‍ സ്റ്റേഷന് നേരെ ഗ്രനേഡ് എറിഞ്ഞുവെന്നും, ഇതാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായതെന്നും ദ്രാബനിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മാലിക് അനീസ് ഉള്‍ ഹസന്‍ പറഞ്ഞു.

മുപ്പതിലധികം ഭീകരര്‍ മൂന്ന് ദിശകളില്‍ നിന്നാണ് ആക്രമണം നടത്തിയത്. രണ്ടര മണിക്കൂറിലധികം വെടിവയ്പുണ്ടായതായി ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു

പാക് താലിബാനും സര്‍ക്കാരും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും, 2022 മുതല്‍ കരാര്‍ പാലിച്ചിരുന്നില്ല. പിന്നാലെ രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ തീവ്രവാദികള്‍ വലിയ തോതില്‍ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ പാകിസ്ഥാനിലെ സൈനിക ക്യാമ്പിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 23 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക് ക്യാമ്പിനുള്ളിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം നടത്തിയത്.

You might also like