ഒഡീസിയസ് വിജയകരമായി പറന്നിറങ്ങി : ഇത് പുതിയ ചരിത്രം
വാഷിങ്ടണ്‍ : ചന്ദ്രോപരിതലത്തില്‍ പുതിയ ചരിത്രം രചിച്ച് ആദ്യ സ്വകാര്യ വിക്ഷേപണ വാഹനത്തിന്റെ ലാന്‍ഡിങ്. യുഎസ് കമ്പനിയായ ഇന്‍ടുറ്റിവ് മഷീന്‍സ് നിര്‍മ്മിച്ച ഒഡീസിയസ് ഇന്നു രാവിലെ 6.23ന് ചന്ദ്രനില്‍ ഇറങ്ങി. യുഎസ്, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുടെ പര്യവേഷണ പേടകങ്ങള്‍ക്കുശേഷം ചന്ദ്രനില്‍ വിജയകരമായി ലാന്‍ഡ് ചെയ്യുന്ന പേടകമാണ് ഒഡീസിയസ്. 1972ല്‍ അപ്പോളോ 17 ദൗത്യത്തിനു ശേഷം ചന്ദ്രനില്‍ ഇറങ്ങുന്ന ആദ്യ യുഎസ് പേടകവും ഒഡീസിയസാണ്. അന്‍പതു വര്‍ഷത്തിനു ശേഷം അമേരിക്ക ചന്ദ്രനില്‍ തിരിച്ചെത്തിയിരിക്കുന്നു എന്നാണ് വിക്ഷേപണ വിജയം അറിയിച്ചുകൊണ്ട് നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നീല്‍സണ്‍ പറഞ്ഞത്. നാസയുടെ പര്യവേഷണ ഉപകരണങ്ങളുമായാണ്, ഹൂസ്റ്റണ്‍ ആസ്ഥാനമായ കമ്പനിയുടെ പേടകത്തിന്റെ ലാന്‍ഡിങ്. ലാന്‍ഡിങ്ങിനു തൊട്ടു മുമ്പായി പേടകവുമായുള്ള ബന്ധം നഷ്ടമായത് ആശങ്കയുയര്‍ത്തിയെങ്കിലും പെട്ടെന്നു തന്നെ പരിഹരിക്കാനായി. ഒഡീസിയസ് ശരിയായി തന്നെ ലാന്‍ഡ് ചെയ്തതായും വിവരങ്ങള്‍ അയച്ചു തുടങ്ങിയതായും ഇന്‍ടുറ്റിവ് മഷീന്‍സ് അറിയിച്ചു. ഏഴു ദിവസമാവും ലാന്‍ഡറിനു പ്രവര്‍ത്തിക്കാനാവുക. അതിനു ശേഷം ഒഡീസിയസ് ഇറങ്ങിയ ചന്ദ്ര പ്രദേശം ഇരുട്ടിലേക്കു വീഴും. തുടര്‍ന്ന് ലാന്‍ഡറിലെ സോളാര്‍ പാനലുകള്‍ക്കു പ്രവര്‍ത്തിക്കാനാവില്ല.