ഹെയ്തിയിൽ അടിയന്തരാവസ്ഥ; കത്തോലിക്ക ആശുപത്രിയ്ക്കു നേരെയും ആക്രമണം

0

പോർട്ട് ഓ പ്രിൻസ്: സായുധ ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തെത്തുടർന്ന് ആയിരക്കണക്കിന് തടവുകാർ ജയിൽ ചാടി അതികഠിനമായ സാഹചര്യം നിലനില്‍ക്കുന്ന ഹെയ്‌തിയിൽ കത്തോലിക്ക ആശുപത്രിയ്ക്കു നേരെയും ആക്രമണം. നിലവിലെ സാഹചര്യങ്ങൾ ഭയാനകമാണെന്നു വർഷങ്ങളായി ഹെയ്തിയിലെ അജപാലന, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഫ്രാൻസിസ്കൻ സന്യാസിനിയായ സിസ്റ്റര്‍ മാർസെല്ല കാറ്റോസ ‘എജെന്‍സിയാ ഫിഡെസി’നോട് പറഞ്ഞു. ഹെയ്തിയിൽ കെനിയൻ പോലീസ് സേനയെ വിന്യസിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു നെയ്‌റോബിയിൽ നിന്ന് മടങ്ങാനിരിന്ന പ്രധാനമന്ത്രി ഏരിയൽ ഹെൻറിയെ കീഴ്പ്പെടുത്താന്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും സായുധ സംഘം പിടിച്ചെടുത്തു. ഇതിനിടെ ആക്രമിക്കപ്പെട്ടവയില്‍ പോർട്ട്-ഓ-പ്രിൻസിലെ കത്തോലിക്കാ ആശുപത്രിയായ സെൻ്റ് ഫ്രാൻസിസ് ഡി സാലസ് ഹോസ്പിറ്റലും ഉള്‍പ്പെട്ടുവെന്ന് മാർസെല്ല വെളിപ്പെടുത്തി.

കഴിഞ്ഞ വ്യാഴാഴ്ച വരെ പരസ്പരം അക്രമവും കൊലപാതകവുമായി നിലക്കൊണ്ടിരിന്ന ഈ സംഘങ്ങൾ വെള്ളിയാഴ്ച ഒന്നിച്ച് സ്ഥാപനങ്ങൾ ആക്രമിക്കാൻ തുടങ്ങുകയായിരിന്നുവെന്ന് സിസ്റ്റർ മാർസെല്ല പറയുന്നു. സായുധ സംഘങ്ങൾ ആയുധങ്ങളും അത്യാധുനിക മാർഗങ്ങളും സജ്ജീകരിച്ചിരിക്കുന്നുവെന്നത് കണക്കിലെടുക്കണം. പോലീസിൻ്റെ നീക്കങ്ങൾ കണ്ടെത്താൻ ഡ്രോണുകൾ പോലും അവരുടെ പക്കലുണ്ട്. കുറച്ചു കാലമായി, രാജ്യത്ത് കുറഞ്ഞത് അഞ്ച് മെക്സിക്കൻ മയക്കുമരുന്ന് സംഘങ്ങളുടെ സാന്നിധ്യമുണ്ട്. വടക്കേ അമേരിക്കയിലേക്കും യൂറോപ്പിലേക്കും അവരുടെ കൊക്കെയ്ൻ കടത്ത് വിപുലപ്പെടുത്താന്‍ ഹെയ്തിയെ ഒരു മനുഷ്യനില്ലാത്ത പ്രദേശമാക്കി മാറ്റാൻ അവർ ആഗ്രഹിക്കുന്നു. കരീബിയന്‍ മേഖലയുടെ മധ്യഭാഗത്ത്, കൊളംബിയയിൽ നിന്നും മെക്‌സിക്കോയിൽ നിന്നും സമ്പന്നമായ വിപണികളിലേക്ക് കൊക്കെയ്ന്‍ കൊണ്ടുപോകാനുള്ള അനുയോജ്യമായ സ്ഥലമായി ഹെയ്തിയെ അവര്‍ കാണുകയാണെന്നും സിസ്റ്റർ മാർസെല്ല പറയുന്നു.

You might also like