കൊച്ചി രാജ്യാന്തര വിമാനത്താവള ലിമിറ്റഡ് വേനൽക്കാല വിമാന സർവീസ് സമയവിവര പട്ടിക പ്രഖ്യാപിച്ചു

0

കൊച്ചി രാജ്യാന്തര വിമാനത്താവള ലിമിറ്റഡ്  വേനൽക്കാല വിമാന സർവീസ് സമയവിവര പട്ടിക പ്രഖ്യാപിച്ചു. 2024  മാർച്ച് 31  മുതൽ ഒക്‌ടോബർ 26  വരെയാണ് പ്രാബല്യം. ഇപ്പോൾ നിലവിലുള്ള  ശീതകാല പട്ടികയിൽ ആകെ 1330  സർവീസുകളാണുള്ളത്. പുതിയ വേനൽക്കാല പട്ടികയിൽ 1628 പ്രതിവാര സർവീസുകളുണ്ട്.

രാജ്യാന്തര സെക്ടറിൽ ഇരുപത്തിയാറും ആഭ്യന്തര സെക്ടറിൽ എട്ടും എയർലൈനുകളാണ് സിയാലിൽ സർവീസ് നടത്തുന്നത്. രാജ്യാന്തര സെക്ടറിൽ ഏറ്റവും അധികം സർവീസുള്ളത് അബുദാബിയിലേക്കാണ്- 66  പ്രതിവാര സർവീസുകൾ.  ദോഹയിലേക്ക് 46 സർവീസുകളും ദുബായിലേക്ക് 45 സർവീസുകളാണ് കൊച്ചിയിൽ നിന്നുള്ളത്. തായ് എയർവേയ്‌സ് ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിലേക്ക് ത്രിവാര പ്രീമിയം സർവീസുകൾ  ആരംഭിക്കുന്നു. അതോടൊപ്പം  തായ് ലയൺ എയർ ബാങ്കോക്ക് ഡോൺ മ്യൂങ് വിമാനത്താവളത്തിലേക്ക് പ്രതിദിന സർവീസുകളും ആരംഭിക്കും. നിലവിലുള്ള തായ് എയർ ഏഷ്യ പ്രതിദിന സർവീസുകൾക്ക് പുറമെയാണിത്. അബുദാബി, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് പ്രതിദിന വിമാന സർവീസുകളുമായി  ആകാശ എയർ രാജ്യാന്തര സെക്ടറിൽ  പ്രവർത്തനം തുടങ്ങുന്നു.

ഇത്തിഹാദ് അബുദാബിയിലേക്ക് ആഴ്ചയിൽ 7 അധിക വിമാനങ്ങളും എയർ ഏഷ്യ ബെർഹാദ് കോലാലംപൂരിലേക്ക്  ആഴ്ചയിൽ 5 സർവീസുകളും നടത്തും. ഇൻഡിഗോ ദോഹയിലേക്കും സ്‌പൈസ്ജെറ്റ് മാലിയിലേക്കും അധിക പ്രതിദിന സർവീസുകൾ  പ്രഖ്യാപിച്ചിട്ടുണ്ട്. ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്ക് ഇപ്പോഴുള്ള ചൊവ്വ, വ്യാഴം, ശനി ത്രിവാര സർവീസുകൾക്ക് പുറമെ എയർ ഇന്ത്യ ആഴ്ചയിൽ ഒരു അധിക സർവീസ് കൂടി തുടങ്ങും.  ജസീറ എയർവേയ്‌സും സൗദിയയും യഥാക്രമം കുവൈറ്റിലേക്കും ജിദ്ദയിലേക്കും 2 അധിക പ്രതിവാര വിമാനസർവീസുകൾ ആരംഭിക്കും.

You might also like