നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ 200-ലധികം സ്‌കൂള്‍ കുട്ടികളെ രണ്ടാഴ്ചയ്ക്ക് ശേഷം മോചിപ്പിച്ചു
കടുന(നൈജീരിയ) : ഈ മാസം ആദ്യം വടക്കന്‍ നൈജീരിയയിലെ ഒരു സ്‌കൂളില്‍ നിന്ന് തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ 200-ലധികം വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും പരിക്കേല്‍ക്കാതെ വിട്ടയച്ചതായി കടുന സംസ്ഥാന ഗവര്‍ണറുടെ ഓഫീസ് ഞായറാഴ്ച അറിയിച്ചു. കുട്ടികളെ മോചിപ്പിക്കുന്നതിന് 690,000 ഡോളര്‍ മോചനദ്രവ്യം നല്‍കണമെന്നാവശ്യപ്പെട്ട് സമയപരിധി നല്‍കിയിരുന്നു. ഈ സമയപരിധി അവസാനിക്കുന്നതിനു മുമ്പാണ് ബന്ദികളെ മോചിപ്പിട്ടുള്ളത്. മോചന ദ്രവ്യം നല്‍കിയോ എന്നതു സംബന്ധിച്ച് സ്ഥിരീകരണമില്ല.
വടക്കുപടിഞ്ഞാറന്‍ കടുന സംസ്ഥാനത്തെ കുരിഗപട്ടണത്തില്‍ മാര്‍ച്ച് 7 ന് ആണ് കുട്ടികളെ ആുധധാരികള്‍ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോയത്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നൈജീരിയയിലെ കടുന പട്ടണത്തിലെ ഹൈസ്‌കൂളില്‍ നിന്ന് 2021 ല്‍ 150 ലധികം വിദ്യാര്‍ത്ഥികളെ കൊണ്ടുപോയതിന് ശേഷം നടന്ന ആദ്യത്തെ കൂട്ട തട്ടിക്കൊണ്ടുപോകലായിരുന്നു ഇത്.
നൈജീരിയന്‍ സ്‌കൂളുകളില്‍ തട്ടിക്കൊണ്ടുപോകലുകള്‍ ആദ്യമായി നടത്തിയത് ജിഹാദിസ്റ്റ് ഗ്രൂപ്പായ ബോക്കോ ഹറമാണ്. ഒരു ദശാബ്ദം മുമ്പ് വടക്കുകിഴക്കന്‍ ബോര്‍ണോ സ്റ്റേറ്റിലെ ചിബോക്കിലെ ഒരു ഗേള്‍സ് സ്‌കൂളില്‍ നിന്ന് 276 വിദ്യാര്‍ത്ഥികളെ ഭീകര സംഘം കടത്തിക്കൊണ്ടുപോയിരുന്നു. ഇതില്‍ ഇപ്പോഴും ചില പെണ്‍കുട്ടികളെ മോചിപ്പിച്ചിട്ടില്ല.
എന്നാല്‍ മോചനദ്രവ്യം മാത്രം ലക്ഷ്യമിട്ട് പ്രത്യയശാസ്ത്രപരമായ ബന്ധമില്ലാതെ ക്രിമിനല്‍ സംഘങ്ങളും ഈ തന്ത്രം വ്യാപകമായി സ്വീകരിച്ചതായി നിരവധി സംഭവങ്ങള്‍ തെളിയിക്കുന്നു.
കുരിഗ സ്‌കൂള്‍ കുട്ടികളുടെ മോചനം ഏകോപിപ്പിച്ചത് രാജ്യത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണെന്ന് കടുന ഗവര്‍ണര്‍ ഉബ സാനി പറഞ്ഞു. മോചന നടപടികളുടെ വിശദാംശങ്ങള്‍ അദ്ദേഹം നല്‍കിയില്ല.
ധൈര്യം, നിശ്ചയദാര്‍ഢ്യം, പ്രതിബദ്ധത എന്നിവയാല്‍ ക്രിമിനല്‍ സംഘങ്ങളെ തരംതാഴ്ത്താനും നമ്മുടെ കമ്മ്യൂണിറ്റികളില്‍ സുരക്ഷ പുനഃസ്ഥാപിക്കാനും കഴിയുമെന്ന് കാണിച്ചതിന് നൈജീരിയന്‍ സൈന്യവും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് ഗവര്‍ണര്‍ സാനി പറഞ്ഞു.
കാണാതായ കുട്ടികളെയും ജീവനക്കാരെയും മോചിപ്പിക്കാന്‍ കഴിഞ്ഞയാഴ്ച തോക്കുധാരികള്‍ മൊത്തം 1 ബില്യണ്‍ നായരാ (690,000 ഡോളര്‍) ആവശ്യപ്പെട്ടിരുന്നു.
2022 ല്‍ ഈ രീതി നിരോധിച്ചതിന് ശേഷം മോചനദ്രവ്യം നല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
എന്നാല്‍ മോചനദ്രവ്യം ആവശ്യപ്പെടുന്ന ക്രിമിനല്‍ സംഘങ്ങളുടെ തട്ടിക്കൊണ്ടുപോകലുകള്‍ നൈജീരിയയില്‍ മിക്കവാറും ദൈനംദിന സംഭവമായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് വടക്കന്‍ നൈജീരിയയില്‍. മോചനദ്രവ്യം നല്‍കാന്‍ കുടുംബങ്ങള്‍ ആകെയുള്ള സമ്പാദ്യം ചെലവഴിക്കുകയോ ഭൂമിയോ കന്നുകാലികളെയോ ധാന്യങ്ങളോ വില്‍ക്കുകയും ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയാണ്.