മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി: സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഇറാനോടും ഇസ്രയേലിനോടും ഇന്ത്യ

0

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ച് ഇറാന്‍ ഇസ്രയേലിനെതിരെ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഇന്ത്യ.

മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകും വിധം ഇസ്രയേലും ഇറാനും തമ്മിലുള്ള ശത്രുത വര്‍ധിക്കുന്നതിലുള്ള ആശങ്ക പ്രകടിപ്പിച്ച ഇന്ത്യ, ഉടന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളോടും ആഹ്വാനം ചെയ്തു.

‘ഇസ്രായേലും ഇറാനും തമ്മിലുള്ള ശത്രുത വര്‍ധിക്കുന്നത് ഞങ്ങള്‍ ഗൗരവമായി കാണുന്നു. ഇത് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ്. ഉടന്‍ സംഘര്‍ഷം കുറയ്ക്കാനും സംയമനം പാലിക്കാനും അക്രമത്തില്‍ നിന്ന് പിന്മാറാനും നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങാനും  ആവശ്യപ്പെടുന്നു’- ഇറാന്റെ ആക്രമണത്തിന് മറുപടിയായി ഇന്ത്യന്‍   വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

നടന്നു കൊണ്ടിരിക്കുന്ന സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ എംബസികള്‍ ഇന്ത്യന്‍ സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. മേഖലയില്‍ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണന്നും എംബസി എക്‌സ് പോസ്റ്റില്‍ കുറിച്ചു.

You might also like