ഇന്ത്യക്കാരുടെ കാര്യത്തിൽ ആശങ്ക; ഇസ്രായേലിലേക്ക് രണ്ടാം ബാച്ചിനെ ഉടനെ അയക്കില്ല
ഇറാൻ-ഇസ്രായേൽ സംഘർഷം നിലനിൽക്കുന്നതിനാൽ ഇസ്രായേലിലേക്ക് രണ്ടാം ബാച്ച് നിർമ്മാണ തൊഴിലാളികളെ തൽക്കാലം അയക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നതുവരെ കാത്തിരിക്കാനാണ് സർക്കാർ തീരുമാനം. ഏപ്രിൽ മാസം 1200 ഇന്ത്യക്കാരെ ഇസ്രായേലിലേക്ക് അയക്കാമെന്നായിരുന്നു ഉടമ്പടി. രാജ്യങ്ങൾ തമ്മിലുള്ള ഗവൺമെൻ്റ്-ടു-ഗവൺമെൻ്റ് (ജി 2 ജി) ഉടമ്പടി പ്രകാരമാണ് ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ ഇസ്രായേലിലേക്ക് കൊണ്ടുവരുന്നത്. ഇന്ത്യയിൽ നിന്ന് 6000 പേരെ ഏപ്രിൽ മെയ് മാസം ഇസ്രായേലിലേക്ക് എത്തിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.
ഏപ്രിൽ രണ്ടിന് 65 പേരടങ്ങുന്ന ആദ്യ ബാച്ചിനെ ഇസ്രായേലിലേക്ക് അയച്ചിരുന്നു. നിലവിൽ കാർഷികരംഗത്തും, കെയർഗിവർ ആയും 18,000 ഇന്ത്യക്കാർ ഇസ്രായേലിൽ ജോലി ചെയ്യുന്നതായാണ് കണക്കുകൾ. ഇന്ത്യൻ തൊഴിലാളികളെ ഇസ്രായേൽ പൗരന്മാരെ പോലെ തന്നെ സംരക്ഷിക്കുമെന്ന് ഇസ്രായേൽ അംബാസഡർ നവോർ ഗിലൺ പറഞ്ഞു. തൊഴിലാളികൾ മറ്റ് ഇസ്രായേലി പൗരന്മാരിൽ നിന്ന് വ്യത്യസ്തരല്ല. ഇന്ത്യൻ തൊഴിലാളികളെ ഞങ്ങൾ ഇസ്രായേലി സമൂഹത്തിൻ്റെ ഭാഗമായി കണക്കാക്കുന്നതിനാൽ, അവരും സുരക്ഷിതരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ-ഇറാൻ സംഘർഷത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ താത്കാലികമായി അടച്ചതായും ജീവനക്കാർക്ക് കമ്പനികൾ വർക്ക് ഫ്രം ഹോം അനുവദിച്ചതായും ഇസ്രയേലിലുള്ള ഇന്ത്യാക്കാരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇസ്രയേലിലുള്ള ഇന്ത്യൻ എംബസി ഇന്ത്യാക്കാരോട് ആശങ്കപ്പെടേണ്ടെന്ന് ആവർത്തിക്കുകയും സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുകയാണ്. അതേസമയം ഇന്ത്യയിൽ നിന്നുള്ള കെട്ടിട നിർമ്മാണ തൊഴിലാളികളെ ഇസ്രയേലിലേക്ക് അയക്കുന്നത് നിർത്തിവച്ചിട്ടുണ്ട്. 1500 പേരെയാണ് ഇസ്രയേൽ ആദ്യ ഘട്ടമായി ആവശ്യപ്പെട്ടത്. ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയാണ് ഇസ്രയേലിലേക്ക് തിരഞ്ഞെടുത്ത് അയക്കാനിരുന്നത്. ഇത് താത്കാലികമായി നിർത്തിവെച്ചെങ്കിലും 15000 നിർമ്മാണ തൊഴിലാളികളെ കൂടി ഇസ്രയേൽ വരും ദിവസങ്ങളിൽ ഇന്ത്യയോട് ആവശ്യപ്പെടുമെന്നാണ് കരുതുന്നത്.