
യെമനിലെ ഹൂതി വിമത കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു.
സനാ: യെമനിലെ ഹൂതി വിമത കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം ആഫ്രിക്കയിൽ നിന്നുള്ള അഭയാർത്ഥികളാണെന്നും 47 പേർക്ക് പരിക്കേറ്റെന്നും യെമൻ അറിയിച്ചു. ഇന്നലെ പുലർച്ചെ വടക്കു പടിഞ്ഞാറൻ യെമനിലെ സാദ പ്രവിശ്യയിൽ ഹൂതികളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന തടങ്കൽ കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. തകർന്നടിഞ്ഞ കെട്ടിടത്തിന്റെയും കൊല്ലപ്പെട്ടവരുടെയും നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അതേ സമയം, ആക്രമണത്തിൽ യു.എസ് മിലിട്ടറി പ്രതികരിച്ചിട്ടില്ല. യു.എസിന്റേത് ബോധപൂർവ്വമുള്ള നടപടിയാണെന്നും ഇത് യുദ്ധക്കുറ്റമാണെന്നും ഹൂതി വക്താക്കൾ ആരോപിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം മാർച്ച് 15നാണ് ഹൂതികൾക്കെതിരെ യു.എസ് സൈന്യം ആക്രമണ പരമ്പര തുടങ്ങിയത്. ഇതുവരെ 800ലേറെ ലക്ഷ്യങ്ങൾ തകർത്തെന്നും നൂറുകണക്കിന് ഹൂതി വിമതരെ വധിച്ചെന്നും യു.എസ് വ്യക്തമാക്കിയിരുന്നു.