നാലുദിവസത്തിനിടെ രണ്ടാമത്തെ ഇസ്രായേൽ മന്ത്രിക്കും വാഹനാപകടത്തിൽ പരിക്കേറ്റു.

0

ജറൂസലേം: നാലുദിവസത്തിനിടെ രണ്ടാമത്തെ ഇസ്രായേൽ മന്ത്രിക്കും വാഹനാപകടത്തിൽ പരിക്കേറ്റു. യുദ്ധ മന്ത്രിസഭാംഗം ബെന്നി ഗാൻറ്‌സിനാണ് ഇന്ന് പരിക്കേറ്റത്. തെക്കൻ ഇസ്രായേലിലെ കിബ്ബട്ട്‌സ് യാദിന് സമീപം ബൈക്ക് അപകടത്തിൽ ഗാൻറ്‌സിന്റെ കാൽ ഒടിഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഗാൻറ്സിനെ അഷ്‌കെലോണിലെ ബാർസിലായ് ആശുപത്രിയിൽ പ്രാഥമിക പരിശോധനയ്ക്ക് ശേഷം തെൽഅവീവിലെ ഷേബ മെഡിക്കൽ സെൻററിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരത്തോടെ ഡിസ്ചാർജ് ചെയ്യുമെന്നാണ് കരുതുന്നത്.

ബെന്നി ഗാൻറ്‌സ്, ഇറ്റാമർ ബെൻ ഗ്വിർ
വെള്ളിയാഴ്ച പൊതുസുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ഇറ്റാമർ ബെൻ ഗ്വിറിന് കാർ അപകടത്തിൽ പരിക്കേറ്റിരുന്നു. ഏപ്രിൽ 26ന് റാംലെയിൽ ഇയാൾ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടം. ട്രാഫിക് സിഗ്നലിൽ ചുവന്ന ലൈറ്റ് തെളിഞ്ഞത് അവഗണിച്ച് മന്ത്രിയുടെ കാർ മുന്നോട്ട് നീങ്ങിയതാണ് അപകടത്തിനിടയാക്കിയത്. ബെൻ ഗ്വിറിന്റെ വാരിയെല്ലിന് പരിക്കേറ്റു. കാറിലുണ്ടായിരുന്ന മന്ത്രിയുടെ മകൾക്ക് അപകടത്തിൽ നിസാര പരിക്കേറ്റു. ഇവ​രെ ശനിയാഴ്ച രാത്രി തന്നെ ഡിസ്ചാർജ് ചെയ്തു. ഇരുവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

അതിനിടെ, അപകടത്തിന് ശേഷം ബെൻ ഗ്വിറിന്റെ അംഗരക്ഷകർ തന്റെ നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി അപകടത്തിൽപെട്ട രണ്ടാമത്തെ കാറിന്റെ ഡ്രൈവർ ഐദാൻ ഡൊമാറ്റോവ് മാധ്യമങ്ങളോട് പറഞ്ഞു. താൻ ജൂതനാണെന്ന് ബോധ്യപ്പെടുത്തിയ ശേഷമാണ് അവർ പിന്മാറിയതെന്നും കാലിന് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായി ഇപ്പോഴും ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം പറഞ്ഞു. ജറൂസലമിലെ ഹദാസ്സ ഐൻ കരീം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ബെൻ ഗ്വിറിനെ ഞായറാഴ്ച രാവിലെ ഡിസ്ചാർജ് ചെയ്തു.

ശനിയാഴ്ച രാത്രി മറ്റൊരു വാഹനാപകടത്തിൽ മന്ത്രി ഹൈം ബിറ്റന്റെ പിതാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മന്ത്രിയെ സന്ദർശിച്ച ശേഷം ഔദ്യോഗിക കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. അപകടസമയത്ത് ബിറ്റൻ കാറിൽ ഉണ്ടായിരുന്നില്ല.

You might also like