ദുബായ് – അബുദാബി: ഇനി അരമണിക്കൂറിൽ പറന്നിറങ്ങാം
ദുബായ് : ചെറു വിമാനങ്ങൾക്ക് കുത്തനെ പറന്നുയരാനുള്ള ലാൻഡിങ്, ടേക്ക് ഓഫ് സംവിധാനമായ വെർട്ടിപോർട്ടിന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അനുമതി നൽകിയതോടെ ദുബായ് – അബുദാബി യാത്ര അരമണിക്കൂറിൽ സാധ്യമാകും. റോഡ് മാർഗം ഒന്നര മണിക്കൂറെങ്കിലും വേണ്ടിവരുന്ന 139 കിലോമീറ്റർ യാത്രയ്ക്ക് ‘പറക്കും ടാക്സി’യിൽ മൂന്നിലൊന്ന് സമയം മതി.
ഹ്രസ്വദൂര യാത്രയ്ക്ക് 5 പേർക്കു വരെ ഉപയോഗിക്കാവുന്ന ചെറുവിമാനമാണിത്. 2026-ൽ വെർട്ടിപോർട്ട് നിലവിൽ വരുന്നതോടെ ഇത്തരം എയർ ടാക്സി സർവീസ് വ്യാപകമാകും. അതോടെ ഓഫിസ്, മെട്രോ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്കു ഗതാഗതക്കുരുക്കിൽപെടാതെ അതിവേഗം എത്താൻ കഴിയും. ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ബാറ്ററിയിലാണ് വിമാനം പ്രവർത്തിക്കുക. അബുദാബിയിൽ പ്രധാന ബിസിനസ്, ടൂറിസം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരിക്കും സേവനം. 2026 അവസാനത്തോടെ ഇന്റർസിറ്റി സേവനം തുടങ്ങിയേക്കും. യുഎസ് ആസ്ഥാനമായുള്ള ജോബി ഏവിയേഷൻ കമ്പനിയാണ് എയർക്രാഫ്റ്റ് വികസിപ്പിക്കുന്നത്.