ഗാസയിലേക്ക് 12 സഹായ ട്രക്കുകൾ കൂടിയെത്തി
അബുദാബി: പലസ്തീൻ ജനതയ്ക്ക് ആശ്വാസമേകാനുള്ള യു.എ.ഇ. യുടെ ശ്രമങ്ങളുടെ ഭാഗമായി 12 സഹായ ട്രക്കുകൾ കൂടി ഈജിപ്തിലെ റഫാ അതിർത്തി വഴി ഗാസ മുനമ്പിൽ പ്രവേശിച്ചു. ഭക്ഷണം, വെള്ളം, ഈന്തപ്പഴം എന്നിവയുൾപ്പെടെ 264 ടണ്ണിലേറെ ദുരിതാശ്വാസ സാമഗ്രികളാണ് ട്രക്കുകളിലുള്ളത്. ഇതോടെ ഗാലന്റ് നൈറ്റ് മൂന്ന് ദൗത്യത്തിന്റെ ഭാഗമായി മൊത്തം 440 ട്രക്കുകളാണ് അവശ്യ സാധനങ്ങളുമായി ഗാസയിലെത്തിയത്. യുദ്ധമുഖത്തെ ജനതയുടെ സങ്കടങ്ങൾ ലഘൂകരിക്കാനുള്ള ദൗത്യത്തിലൂടെ ബുധനാഴ്ച വരെയായി 22,436 ടണ്ണിലേറേ ദുരിതാശ്വാസ സാമഗ്രികൾ നൽകിക്കഴിഞ്ഞു. ട്രക്കുകൾക്ക് പുറമേ 220 വിമാനങ്ങളും മൂന്ന് ചരക്ക് കപ്പലുകളും ഇതുവരെ അയച്ചിട്ടുണ്ട്.